കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്ത് ലാലിന്റേയും കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് നടത്തിയ കൊലവിളി പ്രസംഗത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് വിപിപി മുസ്തഫ. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നായിരുന്നു മുസ്തഫയുടെ പ്രതികരണം. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തതാണെന്നും മാധ്യമങ്ങള്‍ അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മുസ്തഫ പറയുന്നു.
താന്‍ കൊലവിളി നടത്തിയില്ലെന്നും പീതാംബരനേയും സുരേന്ദ്രനേയും ആക്രമിച്ചത് തങ്ങള്‍ ക്ഷമിക്കുന്നുവെന്നാണ് പറഞ്ഞതെന്നുമാണ് മുസ്തഫ നല്കുന്ന വിശദീകരണം. പക്ഷെ ഇനിയും ചവിട്ടാന്‍ വന്നാല്‍ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പാര്‍ട്ടി ശ്രമിക്കുമെന്നും പറഞ്ഞിരുന്നതായിരുന്നു മുസ്തഫ വിശദമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുസ്തഫയുടെ പ്രതികരണം.
അധികം കളിച്ചാല്‍ ചിതയില്‍ വെക്കാന്‍ പോലും ഇല്ലാത്ത വിധം ചിതറിപ്പിച്ചു കളയുമെന്നായിരുന്നു പുറത്തു വന്ന വീഡിയോയില്‍ മുസ്തഫ പ്രസംഗിക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇദ്ദേഹം. കൊലപാതക കേസിലെ പ്രതി പീതാംബരന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു മുസ്തഫയുടെ പ്രസംഗം.
‘പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന് നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും” എന്നായിരുന്നു മുസ്തഫ പറഞ്ഞത്.