കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ വനിതാ കമ്മിഷൻ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഇന്നലെ വൈകുന്നേരം സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിപിഐ എമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ. വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തതെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
വിദ്യാർഥി, യുവജന,മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ജോസഫൈൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1978ൽ സിപിഎം അംഗത്വമെടുത്ത ജോസഫൈൻ 1984ൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1987 അങ്കമാലിയിൽ നിന്നും 2011 മട്ടാഞ്ചേരിയിൽ നിന്നും നിയമസഭയിലേക്കും 1989ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു.
1948 ആഗസ്‌ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര, മഗ്‌ദലേന ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന.
Also Read: യെച്ചൂരി തുടരും; സിപിഎം കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് നാല് പുതുമുഖങ്ങൾ