കണ്ണൂര്‍: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറപ്പെട്ട് പയ്യാമ്പലത്തേക്ക്. സംസ്കാര ചടങ്ങുകള്‍ നടക്കുന്ന പയ്യാമ്പലത്തേക്കുള്ള വിലാപ യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ശേഷം അനുശോചനയോഗവും ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ നേതാക്കളായ ചടയന്‍ ഗോവിന്ദന്റേയും ഇ കെ നയനാരുടേയും മധ്യത്തിലാണ് കോടിയേരിക്ക് ചിതയൊരുക്കിയിരിക്കുന്നത്.
ഈങ്ങയിൽപ്പീടികയിലെ വീട്ടിലേയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലേയും പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു. ജില്ലാ കമ്മിറ്റി ഓഫിസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങിയ പ്രമുഖര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രിയ സഖാവിനെ അവസാനമായി കാണാന്‍ ഇന്നലെ തലശേരിയില്‍ ജനപ്രവാഹമായിരുന്നു. ജനത്തിരക്ക് വര്‍ധിച്ചതോടെ എട്ട് മണി വരെ നിശ്ചയിച്ചിരുന്നു പൊതുദര്‍ശനം 10 മണി വരെ നീണ്ടു. കോടിയേരിയെ അവസാനമായി ഒരു നോക്കു കാണാന്‍ വസതിയിലേക്കും നൂറുകണക്കിനാളുകളാണെത്തിയത്.
അര്‍ബുദ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അന്തരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലെത്തിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും, കണ്ണീരണിഞ്ഞുമായിരുന്നു കണ്ണൂരിലെ ജനം കോടിയേരിയുടെ മൃതദേഹം ഏറ്റവാങ്ങിയത്.
നാലുമണിയോടെയാണ് പൊതുദര്‍ശനത്തിനായി തലശേരി ടൗണ്‍ ഹാളില്‍ മൃതദേഹം എത്തിച്ചത്. കേരള പൊലീസ് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാണ് കോടിയേരിയുടെ മൃതദേഹം ടൗണ്‍ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തലശേരി ടൗണ്‍ ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.
കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ തലശേരിയിലെത്തി കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മന്ത്രിമാര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെ കെ രമ എംഎല്‍എ തുടങ്ങിയവര്‍ തലശേരിയിലെത്തി.