സൗഹൃദം കൊണ്ട് ചുവപ്പിച്ച രാഷ്ട്രീയ ജീവിതമായിരുന്നു കോടിയേരി ബാലകൃഷ്ണന് എന്ന സി പി എം നേതാവിന്റേത്. വിമര്‍ശകരോടും എതിരാളികളോടും സൗമ്യമായും പുഞ്ചിരി തൂകിയും മറുപടി പറയുന്ന നേതാവെന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ വ്യത്യസ്തനായി ബാലകൃഷ്ണനായിരുന്നു കോടിയേരി. പൊതുവില്‍ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയോ എതിരാളികളോടുള്ള മുഖംതിരിച്ചു നില്‍ക്കലോ ഇല്ലാത്ത അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നു കോടിയേരി.
പത്രസമ്മേളനങ്ങളിലാണെങ്കിലും അല്ലാത്ത സന്ദര്‍ഭങ്ങളിലാണെങ്കിലും വിമര്‍ശനങ്ങള്‍ക്ക് സഹിഷ്ണുതയോടെ മറുപടി നല്‍കാനും പുഞ്ചിരിയോടെ വിമര്‍ശനങ്ങളെ നേരിടാനുമുള്ള കോടിയേരിയുടെ കഴിവ് എതിരാളികളുടെയും വിമര്‍ശകരുടെയും പോലും അംഗീകാരത്തിന് കാരണമായി.
അഞ്ചരപ്പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സംഘടനാപരമായും ഭരണപരമായുമുള്ള കഴിവുകള്‍ തെളിയിച്ച കോടിയേരി പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. തലശേരി ഒണിയന്‍ സ്കൂകളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ എസ് എഫ് ഐയുടെ പ്രാഥമികരൂപമായ കെ എസ് എഫ് പ്രവര്‍ത്തനത്തിലൂടെ രംഗത്ത് വന്ന കോടിയേരി സി പി എം പൊളിറ്റ് ബ്യറോ അംഗമാവുകയും മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അഞ്ച് തവണ തലശേരിയില്‍ നിന്നും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുകയും ഒരു തവണ കേരളത്തിലെ ആഭ്യന്തര മന്ത്രിയായും പിന്നീട് പ്രതിപക്ഷ ഉപനേതാവയും പ്രവര്‍ത്തിച്ചു. 1982, 1987, 2001, 2006 , 20011 വര്‍ഷങ്ങളിലാണ് അദ്ദേഹം എം എല്‍ എ ആയത്. ഇതില്‍ 2006 ല്‍ വി എസ് അച്യുതാനന്ദന് മന്ത്രിസഭയില്‍ ആഭ്യന്തരം, ടൂറിസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് 2011ല്‍ വി എസ് പ്രതിപക്ഷ നേതാവായപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്കൂള്‍ അദ്ധ്യാപകന് കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16ന് ബാലകൃഷ്ണന്റെ ജനനം.
ഒണിയന്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കെയാണ് കോടിയേരി ബാലകൃഷ്ണന് കെ എസ്എഫിന്റെ യൂണിറ്റ് ആരംഭിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. മാഹിയില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ 1970ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി അദ്ദേഹം. പിന്നീട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായും തലശേരി താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചശേഷം കോടിയേരി 1970ല്‍ എസ്എഫ്ഐ രൂപീകരണ സമ്മേളന പ്രതിനിധിയായിരുന്നു. ഇരുപതാം വയസില്‍ 1973ല്‍ എസ്ഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി. അടിയന്തരാവസ്ഥകാലത്ത് മിസ നിയമ പ്രകാരം16 മാസത്തെ ജയില്‍ വാസം അനുഭവിച്ച കോടിയേരി. എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
പിണറായി വിജയന് ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 1990 മുതല്‍ 95 വരെ കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1995ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 2002 ല്‍ കേന്ദ്ര കമ്മിറ്റിയംഗവും 2008 ല്‍ പൊളിറ്റ് ബ്യൂറോ അംഗവുമായി. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

2018 തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022 എറണാകുളം സമ്മേളനത്തിലും കോടിയേരിയെ തുടര്‍ച്ചായായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. രണ്ടാമത്തെ തവണ സെക്രട്ടറിയായിരിക്കെ ഇടക്കാലത്ത് രോഗം മൂലമുള്ള പ്രയാസങ്ങളുടെ പേരില്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നെങ്കിലും വീണ്ടും സെക്രട്ടറിയായി തന്നെ തിരിച്ചു വന്നു. എന്നാൽ രോഗം മൂർച്ഛിച്ചതോടെ അദ്ദേഹം സെക്രട്ടറി പദം ഒഴിഞ്ഞ് ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോയത്.
കാടാമ്പുഴയിലെ പൂമുടല്‍, ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന ബീമാപള്ളി വെടിവെയ്പ്, പൊലീസ് അതിക്രമങ്ങള്‍ എന്നിവ മന്ത്രിസ്ഥാനത്തിരിക്കെ ഉയര്‍ന്ന് വിവാദങ്ങളാണ്. വ്യക്തിപരമായി കോടിയിരിക്ക് എതിരെ ആരോപണങ്ങളൊന്നും ഉയര്‍ന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കളായ ബിനോയ്, ബിനീഷ് എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും നിയമനടപടികളും അദ്ദേഹത്തെയും വിവാദത്തിന് നടുവിലേക്ക് വലിച്ചിഴയ്ക്കുന്നതിന് കാരണമായിരുന്നു.
കുറിക്കുകൊള്ളുന്ന തമാശയും കുസൃതിയും പരിഹാസവുമൊക്കെ നിറഞ്ഞുനില്ക്കുന്ന പ്രസംഗങ്ങളും പ്രഭാഷണങ്ങളും കോടിയേരിയെ ജനപ്രിയനാക്കി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തുസൂക്ഷിച്ചനേതാവാണ് കോടിയേരി ബാലകൃഷ്ണന്.