മാഹി: പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് മണിക്കൂറുകള്‍ പിന്നാലെ ആര്‍.എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചു. പള്ളൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജുമാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ബാബുവിനെ മാഹി പള്ളൂരില്‍ വച്ച് വീട്ടിലേക്ക് പോവും വഴി ഒരു സംഘം
അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു.
സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിന്റെ കൊലക്കത്തി താഴെ വയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. സ്ഥലത്ത് രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തിവരികയാണ്.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി സിപിഎം അറിയിച്ചു.