കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎം പ്രതിസന്ധിയില്‍. മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎമ്മിന്റെ സമ്മർദമുണ്ടായിരുന്നുവെന്നാണ് കേസിലെ സാക്ഷിയായ പരമേശ്വരന്റെ മകന്‍ ശരത്തിന്റെ വെളിപ്പെടുത്തല്‍.

വാസുദേവന്റെ വീട് കയറി ആക്രമിച്ചത് ശ്രീജിത്തും സംഘവുമാണെന്ന് പൊലീസിന് മൊഴി നല്‍കാന്‍ പരമേശ്വരനോട് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും വീട് ആക്രമിക്കുന്ന സമയം പരമേശ്വരന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ശരത്ത് പറയുന്നു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ പരമേശ്വരനോട് ഏരിയാ കമ്മറ്റി അംഗമായ ഡെന്നിയാണ് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ശരത്ത് പറഞ്ഞു.

വാസുദേവന്റെ അയല്‍വാസിയാണ് പരമേശ്വരന്‍. വീട് കയറി ശ്രീജിത്തും സംഘവും ആക്രമിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയത് പരമേശ്വരനായിരുന്നു. ഈ മൊഴിയ്ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ആക്രമണം നടക്കുന്ന സമയം പരമേശ്വരന്‍ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു.

ശ്രീജിത്തും സംഘവും മർദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും വാസുദേവനെ ശ്രീജിത്ത് മർദിക്കുന്നതിന് താന്‍ സാക്ഷിയായിട്ടില്ലെന്നും പരമേശ്വരന്‍ ഇന്നലെ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പരമേശ്വരന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് താന്‍ പൊലീസിനെയോ പൊലീസ് തന്നെയോ കണ്ടിട്ടില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പരമേശ്വരന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.