/indian-express-malayalam/media/media_files/uploads/2019/01/kodiyeri-chaitra.jpg)
തിരുവനന്തപുരം: സിപിഎം ജില്ലാ ഓഫിസിൽ പരിശോധന നടത്തിയ ചൈത്ര തെരേസ ജോണിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമ വാഴ്ച നടപ്പിലാക്കാനാണ് പൊലീസ് ഓഫിസർമാർ ശ്രമിക്കേണ്ടത്. ജില്ലാ കമ്മിറ്റി ഓഫിസിൽനിന്നും ഒരാളെയും പിടികൂടാൻ കഴിഞ്ഞില്ല. പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നുവെങ്കിൽ പരിശോധന നടത്തിയതിൽ ന്യായീകരണമുണ്ട്. റെയ്ഡല്ല, വെറുതെ ഓഫിസിൽ കയറി പ്രഹസനം നടത്തുകയായിരുന്നു. അതിന്റെ പേരിൽ പത്രങ്ങളിൽ വാർത്തയുണ്ടാക്കിയെന്ന് കോടിയേരി പറഞ്ഞു.
വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന പൊലീസ് ഓഫിസർമാരായും മറ്റുള്ളവരായാലും അത് സർക്കാരിന്റെ നയമല്ല. സർക്കാരിന് മുകളിൽ പറക്കാൻ ഓഫിസർമാർ ശ്രമിക്കരുത്. പരിശോധന നടത്തിയത് ആസൂത്രിതമായിരുന്നുവെന്ന് പറയാനാവില്ല. ഉദ്യോഗസ്ഥയുടെ തോന്നലിന്റെ ഭാഗമായി ചെയ്തതാവും. ആസൂത്രിതമായി ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഇതുപോലുള്ള ഓഫിസർമാക്ക് കേരളത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ ഓഫിസർമാരും സർക്കാരിന് വിധേയരും കീഴിലുമാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തിയ ചൈത്ര തെരേസ ജോണിനെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾ റെയ്ഡിന് വിധേയമാക്കാറില്ല. പൊതുപ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്‌ത്തി കാട്ടാൻ ശ്രമം നടക്കുന്നു. റെയ്ഡ് അത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനുവരി 23ന് രാത്രി അൻപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ചൈത്ര തെരേസ ജോൺ റെയ്‌ഡ് നടത്തിയത്. പ്രധാന പ്രതികൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചൈത്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പ്രതികളാരെയും ഓഫിസിൽനിന്നും പിടികൂടാൻ കഴിഞ്ഞില്ല.
ഇതിനുപിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചൈത്രയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി. ചട്ടവിരുദ്ധമായാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു ആനാവൂർ നാഗപ്പന്റെ ആരോപണം. ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ ദക്ഷിണ മേഖലാ ഐജി മനോജ് എബ്രഹാമിനായിരുന്നു അന്വേഷണ ചുമതല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.