തിരുവനന്തപുരം: സിപിഐഎം, സിപിഐ എന്നീ പാർട്ടികൾ സ്വതന്ത്ര വ്യക്തിത്വമുള്ള കക്ഷികളാണെങ്കിലും എൽഡിഎഫ് എന്ന രാഷ്ട്രീയ മുന്നണിയിൽ ഘടകകക്ഷികളായത് മാർക്സിസം ലെനിനിസത്തിന്റെയും വർഗസമരത്തിന്റെയും കാഴ്ചപ്പാടുകൾ ഉൾക്കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിലെയും നല്ലൊരു പങ്ക് സംസ്ഥാനങ്ങളിലെയും ഭരണം കൈയാളുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപിയെന്ന ഭരണ വർഗ പാർട്ടി ബൂർഷ്വാ പാർട്ടി മാത്രമല്ല ഭൂരിപക്ഷ വർഗീയത വളർത്തുന്ന അപകടകരമായ വർഗീയ പ്രസ്ഥാനമാണെന്നും വിലയിരുത്തുന്നു. കമ്യൂണിസ്റ്റുകാർക്കും മറ്റു ഇടതു പക്ഷക്കാർക്കും മാത്രമല്ല ജനാധിപത്യ പ്രസ്ഥാനത്തിനാകെയും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർക്കും ന്യൂനപക്ഷങ്ങൾക്കും ഭീഷണിയുയർത്തുന്ന ഭരണസംവിധാനമായി ബിജെപി ഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാറിയിരിക്കുകയാണെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി പറയുന്നു.
എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് യുഡിഎഫും പരസ്പര ധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. അതിനുള്ള അവസരവും വേദിയുമായി ലോ അക്കാദമി പ്രശ്നത്തെ മാറ്റിയിരുന്നു. ലോ അക്കാദമിയുടെ മറവിൽ കോൺഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. സമരത്തിന്റെ മറവിൽ മുഖ്യമന്ത്രിയെ താറടിക്കാൻ നടന്ന ശ്രമം പ്രതിഷേധാർഹമാണ്. സമരത്തെ ഭൂപ്രശ്നമാക്കി മാറ്റാൻ മാത്രമല്ല മുഖ്യമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ച് ഇല്ലാത്ത അർത്ഥം കൽപ്പിക്കാനുള്ള ശ്രമവും നടന്നു.
ആറുപതിറ്റാണ്ട് പിന്നിട്ട യുഡിഎഫ് രാഷ്ട്രീയം തകർച്ചയിലാണ്. ബൂർഷ്വ-ഫ്യൂഡൽ വർഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ കെട്ടുപൊട്ടിയിരിക്കുകയാണ്. ഇതിൽനിന്നു നേട്ടമുണ്ടാക്കാൻ ബിജെപി നോക്കുകയാണ്. അതു മനസ്സിലാക്കി ബിജെപിയുടെ കളിയെ തുറന്നുകാട്ടാനാകാതെ ആർഎസ്എസ് തീർത്ത കെണിയിൽ കോൺഗ്രസും യുഡിഎഫും വീഴുകയായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇന്ത്യയ്ക്ക് മാതൃകയാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.