തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേർക്ക് നടന്ന ആക്രമണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. ഒരു അക്രമത്തേയും അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ അക്രമത്തിന്റെ തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കത്തോടെയാണെന്ന് വിശദീകരിച്ചു.

“ആദ്യമായി ആക്രമണം നടന്നത് സിപിഎം നേതാവ് കാട്ടാക്കട ശശിയുടെ വീടിന് നേരെയാണ്. പിന്നീട് സിപിഎമ്മിന്റെ നേതാക്കളുടെയെല്ലാം വീടുകൾക്ക് നേരെ ആക്രമണം നടന്നു. ഇതേ തുടർന്നാണ് ഇന്നലെ രാത്രി അനിഷ്ട സംഭവങ്ങളുണ്ടായത്.

ബിനീഷിന്റെ വീടിന് നേരെ അല്ല ആക്രമണം നടന്നത്. ഞാനിവിടെ വന്ന് താമസിക്കാറുള്ളത് അവർക്കറിയാം. അതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമിട്ടാണ്. ഇന്നലെ തിരുവനന്തപുരത്ത് തീവണ്ടി ഇറങ്ങിയ ഞാൻ ഇങ്ങോട്ടേക്ക് എത്തിയപ്പോൾ നാല് മണി കഴിഞ്ഞിരുന്നു. ഞാൻ വരുന്നതിന് മുൻപാണ് ഇവിടെ ആ്രമണം നടന്നത്”, കോടിയേരി വിശദീകരിച്ചത്.

“എന്നെ മാത്രമല്ല, കാട്ടാക്കട പ്രദേശത്ത് ഏരിയാ കമ്മിറ്റി, ജില്ല കമ്മിറ്റി നേതാക്കളുടെ വീടുകളും മറ്റ് പ്രാദേശിക നേതാക്കളുടെ വീടുകൾക്ക് നേരെയും ബിജെപി-ആർഎസ്എസ് ആക്രമണം ഉണ്ടായി. ബിജെപിയ്ക്ക് എതിരായിി ഉയർന്ന അഴിമതി ആരോപണങ്ങളിൽ നിന്ന് മാധ്യമശ്രദ്ധ തിരിച്ചുവിടാൻ അവർ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ.”

ഇത്തരത്തിലുള്ള കാര്യങ്ങളിൽ പ്രകോപിതരാകരുതെന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.