തൃശ്ശൂർ: അക്രമ രാഷ്ട്രീയം സിപിഎമ്മിന്റെ സംസ്കാരമല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയമായ ആക്രമണങ്ങൾക്ക് നിലപാടുളള പാർട്ടിയല്ല സിപിഎം. എന്നാൽ ഞങ്ങളുടെ പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ സ്വയം പ്രതിരോധം തീർക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

577 രക്തസാക്ഷികളുടെ ദീപശിഖകളാണ് പാർട്ടി സമ്മേളന വേദിയിലേക്കെത്തിയത്. വലിയ സാമൂഹിക മാറ്റത്തിന് ജീവൻ ബലികൊടുത്തവരാണ് അവർ. ശത്രുക്കളെ ജനാധിപത്യ പരമായി നേരിടാനാണ് സിപിഎം ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ആക്രമണങ്ങൾ ആർഎസ്എസിന്റെ നയമാണ്. അത്തരത്തിലുളള പ്രവർത്തനങ്ങൾ എവിടെയെങ്കിലും ഉണ്ടായാൽ അത് തിരുത്താൻ സിപിഎം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉന്നയിച്ചത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ആർഎസ്എസ് ശ്രമമെന്ന് കുറ്റപ്പെടുത്തിയ യെച്ചൂരി അവരുടെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണെന്ന് വിമർശിച്ചു.

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ പതാക ഉയർത്തുന്നു

നവലിബറൽ സാമ്പത്തിക നയങ്ങളെ വിമർശിച്ചാണ് യെച്ചൂരി മതവർഗ്ഗീയതയിലേക്ക് എത്തിയത്. യുപിഎ സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കൂടുതൽ ശക്തമാക്കി നടപ്പിലാക്കുകയാണ് ബിജെപി ചെയ്തതെന്ന് യെച്ചൂരി പറഞ്ഞു. സമ്പത്ത് ധനികരിലേക്ക് മാത്രമായി കുമിഞ്ഞുകൂടുകയാണെന്ന് വിമർശിച്ച യെച്ചൂരി ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെ കുറിച്ചും പരാമർശിച്ചു.

വൻകിടക്കാരുടെ അഴിമതികൾക്കെതിരെ മിണ്ടാത്ത പ്രധാനമന്ത്രി മോദി മൗനേന്ദ്ര മോദിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി വിമർശിച്ചു. രാജ്യം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. ലോകത്താകമാനം പാവപ്പെട്ടവരെയും സാധാരണക്കാരെയും ഇടത്തരക്കാരെയും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇത്തരത്തിലുളള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുളള ബാധ്യത കമ്യൂണിസ്റ്റുകൾക്കുണ്ടെന്ന് യെച്ചൂരി പറഞ്ഞു.

“ആക്രമണോത്സുകമായ നവ ഉദാരനയം, കടുത്ത വർഗീയ ധ്രുവീകരണം, ഭരണകൂട സ്വഭാവഘടന മാറ്റൽ, വിദേശനയത്തിലെ മൗലികമാറ്റം തുടങ്ങി ബിജെപിയുടെ ചതുർമുഖ ആക്രമണമാണു ഈ കാലഘട്ടം നേരിടുന്നത്. അമേരിക്കയുടെ ജൂനിയർ പങ്കാളി ആയി ഇന്ത്യ മാറി. ആഗോള മുതലാളിത്തത്തിന്റെ, ആഗോളവത്കരണത്തിന്റെ ആശയങ്ങളോടു കണ്ണി ചേരുകയാണു ഇന്ത്യയിലെ സർക്കാർ ‌ചെയ്യുന്നത്”, യെച്ചൂരി പറഞ്ഞു.

എട്ടു മണിക്കൂർ അധ്വാനം എന്ന അവകാശം ലംഘിക്കപ്പെടുന്നു. തൊഴിലാളികളുടെ ശരാശരി വേതനം വെട്ടിക്കുറയ്ക്കപ്പെടുന്നു, അവധി കുറയ്ക്കുന്നു. സാമൂഹ്യസുരക്ഷ കുറയുന്നുവെന്നും യെച്ചൂരി പറഞ്ഞു. പ്രതിരോധം, റെയിൽവേ, വ്യോമയാനം എന്നിവ സ്വകാര്യവത്കരിക്കപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കുകയാണു മോദി സർക്കാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.