തിരുവനന്തപുരം: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരുന്നത് സംബന്ധിച്ച പ്രസ്താവനയിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ. റിയാസ് പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതുസമീപനമാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. മുന്നണിയുടെ പൊതു നിലപാടിനോട് ചേർന്നുനിൽക്കുന്നതാണ് റിയാസിന്റെ പ്രതികരണമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
മന്ത്രിമാരുടെ ഓഫിസ് എങ്ങനെ പ്രവർത്തിക്കണമെന്നതിൽ സർക്കാരിന് ഒരു നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതുനിലപാടുണ്ട്. ശുപാര്‍ശകളില്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നാണ് പാര്‍ട്ടിയുടെ സമീപനമെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ചേർന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കാര്യങ്ങളിൽ പൊതുനിർദേശങ്ങൾ സിപിഎം നൽകാറുണ്ടെന്നും അതിനനുസൃതമായ കാര്യമാണ് മന്ത്രി വ്യക്തമാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു. സർക്കാറും മന്ത്രിമാരും പൊതുവെ നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി സർക്കാർ പ്രവർത്തിക്കുമ്പോൾ ആ പ്രവർത്തനത്തിന് മങ്ങലേൽപ്പിക്കാനുള്ള ശ്രമമുണ്ടാവുക സ്വാഭാവികമാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
Also Read: സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്
എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് റിയാസ് തന്റെ നിയമസഭാ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ സിപിഎമ്മിനുള്ളിൽ തന്നെ വിമർശനമുയർന്നു. എഎന്‍ ഷംസീർ എംഎൽഎ അടക്കമുള്ളവർ റിയാസിന്റെ പ്രസ്താവനയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു ഷംസീര്‍ അഭിപ്രായപ്പെട്ടത്.
ഇതിനിടെ തന്റെ അഭിപ്രായത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് റിയാസ് വ്യക്തമാക്കുകയും ചെയ്തു. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നുമായിരുന്നു റിയാസ് വെള്ളിയാഴ്ച പറഞ്ഞത്. ഇതിനുപിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി മന്ത്രിക്ക് പിന്തുണ അറിയിച്ചത്.