തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷമായി വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വൈദികന്റേതു നാക്കുപിഴയല്ലെന്നും വര്‍ഗീയ മനസുള്ള ആള്‍ക്കേ അത്തരം പദപ്രയോഗം നടത്താന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
”അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ മാന്യതയ്ക്കുപോലും വില കല്‍പ്പിക്കാത്ത പ്രസ്താവനയാണു ഫാദര്‍ നടത്തിയത്. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിനു തന്നെയാണ് ചേരുക. നാക്കുപിഴയെന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യന്റെ മനസാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിംപേരായതുകൊണ്ട് അയാള്‍ തീവ്രവാദിയെന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസുള്ള ഒരാളാകണം. വികൃതമായ ഒരു മനസ്. അതാണ് അദ്ദേഹം പ്രകടിപ്പിച്ചത്,” ഗോവിന്ദന്‍ പറഞ്ഞു.
വിഴിഞ്ഞത്തു നടക്കുന്നത് സമരമല്ല, കലാപമാണ്. സമരം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും പദ്ധതി പൂര്‍ത്തിയാക്കും. കലാപത്തിനു പിന്നില്‍ വര്‍ഗീയ തീവ്രവാദ ശക്തികളുണ്ട്. അവര്‍ക്കൊന്നും വഴങ്ങി പദ്ധതി അവസാനിപ്പിക്കില്ല.
പൊലീസ് സ്റ്റേഷന്‍ ആക്രമണം യാദൃശ്ചികമല്ല. ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. സ്റ്റേഷന്‍ കത്തിക്കുമെന്നു ചിലര്‍ പരസ്യമായി ആഹ്വാനം ചെയ്തു. ക്രൂരമായ രീതിയില്‍ ജനങ്ങളെയും പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിനു പിന്നില്‍ പദ്ധതി നടപ്പിലാക്കരുതെന്ന ഗൂഢോദ്ദേശ്യമുണ്ട്. ഇപ്പോഴത്തെ സമരത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കു പങ്കില്ല. അവരെ മറയാക്കി നടത്തുന്ന വര്‍ഗീയ പ്രചാരണം ജനം തള്ളും. അക്രമത്തിന് ആരാണോ ഉത്തരവാദി അവര്‍ക്കെതിരെ കേസുണ്ടാകും. അറസ്റ്റ് ചെയ്യും.
കേരളത്തിലെ വ്യവസായ കേന്ദ്രങ്ങളില്‍ കേന്ദ്ര സേന ഇപ്പോള്‍ തന്നെയുണ്ട്. അതിനാല്‍ അവര്‍ വിഴിഞ്ഞത്തു വരുന്നതിനെ എതിര്‍ക്കേണ്ടതില്ല. കേന്ദ്രസേന വരുന്നതുകൊണ്ട് സര്‍ക്കാരിനു പ്രശ്‌നമില്ല. ക്രമസമാധാനം കേരള പൊലീസ് തന്നെ കൈകാര്യം ചെയ്യും.
ലത്തീന്‍ അതിരൂപത തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യകത പറഞ്ഞുകൊണ്ട് ആദ്യം ഇറങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി അദാനിക്കു കൊടുക്കുന്നതിലായിരുന്നു സി പി എമ്മിന്റെ എതിര്‍പ്പ്. പൊതുമേഖലയ്ക്കു കൊടുക്കാനായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതു സ്വകാര്യമേഖലയ്ക്കു തന്നെ നല്‍കി. പദ്ധതിക്കു പിന്നിലുലെ അഴിമതി സംബന്ധിച്ചും തങ്ങള്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് തുറമുഖത്തിന്റെ പണി ആരംഭിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ അവിടെ പണി നടക്കുകയാണ്. പദ്ധതിയോട് എങ്ങനെയാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് അപ്പോള്‍ ആലോചിച്ചു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് അടുത്ത സര്‍ക്കാര്‍ എന്നതിനാല്‍ പദ്ധതി തുടരാന്‍ തീരുമാനിക്കുകയും എല്ലാ പിന്തുണയും നല്‍കുകയുമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.