തൃശ്ശൂർ: സിപിഎം സംസ്ഥാന നേതാക്കളുടെ വിമർശനത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് എന്നല്ലെന്ന് പറഞ്ഞ ജനറൽ സെക്രട്ടറി യുവനേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ ചർച്ചയിലാണ് യുവനേതാക്കളായ എഎൻ ഷംസീറും മുഹമ്മദ് റിയാസും യെച്ചൂരിയുടെ ബദൽരേഖയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചത്. ഇതിനെതിരായ മറുപടി പ്രസംഗത്തിലാണ് യെച്ചൂരി അതിരൂക്ഷമായ ഭാഷയിൽ സംസാരിച്ചത്.

“ഞാൻ പറഞ്ഞ കാര്യങ്ങളല്ല ഇവിടെ ചർച്ച ചെയ്തത്. കോൺഗ്രസുമായി സഖ്യം വേണമെന്നല്ല, തന്ത്രപരമായ അടവുനയം സ്വീകരിക്കണമെന്നാണ് താൻ പറഞ്ഞത്. കേരള സഖാക്കൾ പാർ്ടി പരിപാടി ഒന്നുകൂടി പഠിക്കണം. ഗൂഗിളിൽ കിട്ടുന്ന കാര്യങ്ങളല്ല താൻ പറഞ്ഞത്,” യെച്ചൂരി പറഞ്ഞു.

കേരളത്തിൽ സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസാവാം. എന്നാൽ അത് മാത്രം നോക്കി മുന്നോട്ട് പോകാൻ സാധിക്കില്ല. സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റല്ല. രാജ്യം നേരിടുന്ന വെല്ലുവിളികലെ കുറിച്ച് മനസിലാക്കണം,” യെച്ചൂരി പറഞ്ഞു.

“ഷംസീറിനും റിയാസിനും പാർട്ടി പരിപാടികൾ അറിയാമെന്നാണ് താൻ കരുതുന്നത്. അത് ഒന്നുകൂടി പഠിക്കാൻ ശ്രമിക്കണം. ആർഎസ്എസ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനാണ് ശ്രമിക്കുന്നത്. അവരെ തകർക്കാതെ മുന്നോട്ട് പോകാനാവില്ല,” യെച്ചൂരി നയം വ്യക്തമാക്കി.

ഇത് താൻ പറയുന്നതല്ലെന്നും വർഷങ്ങൾക്ക് മുൻപ് പാർട്ടി പരിപാടിയിൽ എഴുതിവച്ചതാണെന്നും പറഞ്ഞ സീതാറാം യെച്ചൂരി ഇത് ഒന്നുകൂടി വായിക്കാൻ പ്രതിനിധി സഖാക്കളോട് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.