തൊടുപുഴ: ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാറ്റത്തിന്റെ പാതയിലാണെന്നു സൂചിപ്പിക്കുന്നതാണ് പാര്‍ട്ടി സമ്മേളനങ്ങളുടെ കാലത്ത് സിപിഎമ്മില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. അടുത്ത കാലം വരെ മാവോയും ലെനിനും ചെഗുവേരയും മറ്റുമായിരുന്നു പാര്‍ട്ടി നേതാക്കള്‍ മാര്‍ഗ ദീപങ്ങളായി കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ അവസ്ഥയ്ക്കു മാറ്റം വന്നിരിക്കുന്നു. യേശുക്രിസ്തുവിലും ചട്ടമ്പി സ്വാമിയിലും അയ്യങ്കാളിയിലും എത്തിയ പാര്‍ട്ടി ഇപ്പോള്‍ ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിംഗ് ജോംഗ് ഉന്‍ ആണ് ഇടുക്കിയിലെ പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം പുതിയ ഹീറോ.
ഏറെക്കാലം കമ്യൂണിസ്റ്റുകാരല്ലാത്ത പ്രതിഭകളെ വച്ച് സമ്മേളനങ്ങളും പരിപാടികളും നടത്തിയിരുന്ന സി പി എമ്മിന് അവസാനം ഒരു തൊഴിലാളിവർഗ പാർട്ടി നേതാവിന കിട്ടി. ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോംഗ് ഉന്നിന്റെ ഫ്‌ളക്‌സ് വച്ചാണ് സിപിഎം ഇത്രയും കാലം കേട്ട പഴിയില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന നിലയില്‍ ലോകമെമ്പാടും അപലപിക്കപ്പെടുമ്പോഴും സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോടനുബന്ധിച്ചു സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കിംഗ് ജോംഗ് ഉന്നിനു വീര പരിവേഷമാണുള്ളത്. ഡിസംബര്‍ 16, 17 തീയതികളില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നടക്കുന്ന ഏരിയാ സമ്മേളനത്തോടനുബന്ധിച്ചാണ് പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം ടൗണിലും അടുത്തുള്ള താന്നിമൂട്ടിലും കിംഗ് ജോംഗ് ഉന്നിന്റെ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. എന്നാല്‍ കിംഗ് ജോംഗ് ഉന്നിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചതില്‍ തെറ്റില്ലെന്നും സാമ്രാജ്യ ശക്തിയായ അമേരിക്കയ്‌ക്കെതിരേ പേരാടുന്ന ശക്തിയാണ് ഈ ഉത്തരകൊറിയന്‍ നേതാവെന്നുമാണ് പാര്‍ട്ടി ഇതിനു നല്‍കുന്ന വിശദീകരണം. അതേസമയം പാര്‍ട്ടിയിലെ സഖാക്കള്‍ക്ക് മാവോയുടെ ചിത്രവും കിംഗ് ജോംഗ് ഉന്നിന്റെ ചിത്രവും തമ്മില്‍ മാറിപ്പോയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.
നവംബറില്‍ സിപിഎം വണ്ടന്മേട് ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തുവിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത് സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ ചര്‍ച്ചയായിരുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചതെന്നു വിമര്‍ശനമുയര്‍ന്നെങ്കിലും തങ്ങള്‍ ചട്ടമ്പി സ്വാമിയും, ശ്രീനാരായണ ഗുരുവും, അയ്യന്‍കാളിയും പോലുള്ളവരുടെ ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്ന ന്യായം ഉയര്‍ത്തിയായിരുന്നു അന്നു പാര്‍ട്ടി നേതാക്കള്‍ ഇതിനെ നേരിട്ടത്. എന്നാല്‍ ക്രൂരതയുടെ പേരില്‍ അറിയപ്പെടുന്ന കിംഗ് ജോംഗ് ഉന്നിന്റെ ചിത്രം സ്ഥാപിച്ചത് സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പോലും ഉള്‍ക്കൊള്ളാനായിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം.
കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചെഗുവേരയുടെയും യേശു ക്രിസ്തുവിന്റെയും ചിത്രങ്ങള്‍ ഒരു പോലെ പ്രചരണത്തിനുപയോഗിച്ചത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ സമയത്ത് യാക്കോബായ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് സിപിഎമ്മിന്റെ രക്ഷയ്‌ക്കെത്തിയത്. തന്റെ മുറിയില്‍ ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം അംബേദ്കറിന്റെയും ചെഗുവേരയുടെയും ചിത്രങ്ങളാണുള്ളതെന്നായിരുന്നു അന്ന് ബിഷപ്പിന്റെ പ്രസ്താവന. ഈ പ്രസ്താവനയിലൂടെ അപകടത്തിന്റെ പാലം കടന്നെങ്കിലും വിവാദങ്ങള്‍ പിന്നെയും സിപിഎമ്മിനെ കാത്തിരിക്കുകയായിരുന്നു.
കണ്ണൂരിലെ നാരായണ ഗുരുവിന്റെ വിവാദ ടാബ്ലോ, കണ്ണൂരില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഇവയ്‌ക്കൊക്കെ ശേഷമാണ് ഇടുക്കിയിലെ വണ്ടന്‍മേട് ലോക്കല്‍ സമ്മേളനത്തില്‍ യേശുക്രിസ്തുവിനെ ഫ്‌ളക്‌സാക്കി പ്രചരണം നടത്തി പുലിവാലു പിടിച്ചത്. ഇതില്‍ നിന്നെല്ലാം തലയൂരിയ സിപിഎമ്മാണ് കിം ജോംഗ് ഉന്നിനെ വച്ച് ഫ്‌ളക്‌സ് അടിച്ച് പുതിയ ചര്‍ച്ചയ്ക്കു വഴി തുറന്നിരിക്കുന്നത്.