/indian-express-malayalam/media/media_files/uploads/2023/07/Yechuri.jpg)
ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ സീതാറാം യെച്ചൂരി സംസാരിക്കുന്നു
കോഴിക്കോട്: ബിജെപി ഏകീകൃത സിവില്‍ കോഡ് (യുസിസി) മുന്നോട്ട് വയ്ക്കുന്നതില്‍ വര്‍ഗീയ അജണ്ടയുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ ദ്രുവീകരണമാണ്, അതിന് മൂര്‍ച്ച കൂട്ടാനുള്ള ആയുധം മാത്രമാണ് യുസിസിയെന്നും കോഴിക്കോട് ആരംഭിച്ച ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു.
"ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതാണ് യുസിസി. ഭരണഘടന സമിതിയുടെ ചെയര്‍മാന്‍ ആയിരുന്ന ബി ആര്‍ അംബേദ്കര്‍ വിപുലമായ ചര്‍ച്ചകളിലൂടെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തിലൂടേയും മാത്രമേ യുസിസി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂവെന്ന നിലപാടാണ് സ്വീകരിച്ചിരുന്നു," യെച്ചൂരി വ്യക്തമാക്കി.
"2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2016-ല്‍ നിയോഗിച്ച നിയമ കമ്മീഷന്‍ യുസിസി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. 2018-ല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇന്നത്തെ സാഹചര്യത്തില്‍ യുസിസി അഭികാമ്യമല്ലായെന്നാണ് നിയമ കമ്മിഷന്‍ നിലപാടെടുത്തത്, "യെച്ചൂരി ചൂണ്ടിക്കാണിച്ചു.
ആഗോള തലത്തില്‍ പല രാജ്യങ്ങളും അവിടുത്തെ വ്യത്യസ്തകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ഏകീകരണം എന്ന പേരില്‍ പുതിയ ആശയം ബിജെപി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ജനാധിപത്യം നിലനിര്‍ത്തുന്നതിന് പകരം ഏകീകരണമെന്ന പേരില്‍ മറ്റ് ചില അജണ്ടകളാണ് പിന്നിലുള്ളതെന്നും യെച്ചൂരി ആരോപിച്ചു.
ചര്‍ച്ചകള്‍ നടത്താതെ ഏകപക്ഷിയമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയായ കാര്യമല്ല. സാമൂദായികമായ ഭിന്നത രൂക്ഷമാവുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഇത് നടപ്പാക്കുന്നത്. എന്തിന് വേണ്ടിയാണിത്. ഹിന്ദു രാഷ്ട്രം ലക്ഷ്യം വച്ചാണ് ബിജെപി ഇതിന് തയാറാകുന്നതെന്നും യെച്ചൂരി കുറ്റിപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.