/indian-express-malayalam/media/media_files/2026/01/26/v-kunhikrishnan-kunjikrishnan-2026-01-26-16-52-37.jpg)
വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കുഞ്ഞികൃഷ്ണൻ തെറ്റായ കാര്യങ്ങൾ ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹത്തിന്റെ നിലപാട് ശരിയല്ലെന്നും കെ.കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണൻ മാറിയെന്നും രാഗേഷ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് പാർട്ടി സെക്രട്ടറി നടപടി അറിയിച്ചത്.
Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി കുഞ്ഞുകൃഷ്ണൻ സിപിഎമ്മിൽ നിന്ന് പുറത്തേക്ക്
ഞായറാഴ്ച കണ്ണൂരിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു എന്നാണ് വിവരം. എം.വി ജയരാജൻ, പി. ജയരാജൻ, ഇ.പി ജയരാജൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനം. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് ഈ പരസ്യ പ്രസ്താവനയാണെന്നാണ് പാർട്ടി വിലയിരുത്തിയത്. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു.
Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: ക്രമക്കേട് കാട്ടാൻ ആരെയും അനുവദിക്കില്ലെന്ന് എം.വി.ഗോവിന്ദൻ
പുറത്താക്കൽ നടപടി പ്രതീക്ഷിച്ചിരുന്നെന്നാണ് കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. '50 വർഷമായി പ്രവർത്തിക്കുന്ന എനിക്ക് പാർട്ടി എന്ത് ചിന്തിക്കുമെന്ന് അറിയാം. ഇതേ തുടർന്ന് മറ്റൊരു പാർട്ടിയിലേക്ക് പോകാൻ തയാറല്ല. കമ്മ്യൂണിസ്റ്റുകാരനായി തുടരും. ഞാൻ ഇതുവരെ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടുള്ള ആളല്ല. ഇതുവരെയും മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇനി മുമ്പോട്ടും അങ്ങനെ തന്നെ,' എന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കണ്ണൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വി. കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയർന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി. കുഞ്ഞിക്കൃഷ്ണൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തുവെന്നുമായിരുന്നു ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us