തിരുവനന്തപുരം: പികെ ശശി എംഎല്‍എയെ വെള്ളപൂശി സിപിഎം അന്വേഷണ റിപ്പോര്‍ട്ട്. ലൈംഗിക അതിക്രമ ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നു. ശശിയെ വെള്ളപൂശിയും പരാതിക്കാരിയെ എതിര്‍ത്തുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.
പികെ ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഇല്ലെന്നും പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് സംശയമുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നും പികെ ശശി പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാര്‍ട്ടി ഓഫീസില്‍ വച്ച് അപമര്യാദയായി പെരുമാറിയിട്ടില്ല. ഈ ദിവസം ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു. വാതില്‍ അടച്ചിരുന്നില്ല. സംഘടനാ ഫോറത്തില്‍ പോലു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൂന്ന് മാസം മുമ്പാണ് ശശിക്കെതിരായ പരാതി പാര്‍ട്ടിയെ വിവാദത്തിലാക്കിയത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനടക്കം ലഭിച്ച പരാതിയില്‍ സി.പി.എം പി.കെ ശശിയെ ആറുമാസത്തേക്ക് സസ്പന്റ് ചെയ്തിരുന്നു. മുതിര്‍ന്ന നേതാവില്‍ നിന്നുമുണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ശശിയുടേതെന്ന് കണ്ടെത്തിയായിരുന്നു നടപടി.
മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മിഷനാണ് ലൈംഗിക പീഡന പരാതി അന്വേഷിച്ചത്.