കോഴിക്കോട്: കേരളത്തിൽ ലവ് ജിഹാദില്ലെന്ന് തിരുത്തി സിപിഎം നേതാവും മുൻ എംഎൽയുമായ ജോർജ് എം തോമസ്. മതവികാരം വ്രണപ്പെടുന്ന സംഭവമാണ് ഉണ്ടായത്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായതെന്നും ജോർജ് പറഞ്ഞു.
പരാമർശത്തിൽ നിരവധിപേർ വിമർശനം രേഖപ്പെടുത്തിയെന്നും ഒരുപാടുപേർ തന്നെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. നാക്കുപിഴ സംഭവിച്ചെന്ന് പാർട്ടി സെക്രട്ടറിയെ അപ്പോൾ തന്നെ അറിയിച്ചിരുന്നെന്നും ജോർജ് പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച് പാർട്ടി സെക്രട്ടറി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും ജോർജ് വ്യക്തമാക്കി.
ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ജോർജ് എം.തോമസിനെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് ജോർജ് നിലപാട് തിരുത്തിയത്.
ജോർജ് എം.തോമസിന് പിശകു സംഭവിച്ചതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞിരുന്നു. ജോർജിന് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതിനെ ഒരു നാക്കുപിഴയായി കണ്ടാൽ മതിയെന്നും പി.മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദ് എന്നും അദ്ദേഹം പറഞ്ഞു.പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇരുവരും ഒളിച്ചോടി എന്നാണ് പറയുന്നത്. അത് ശരിയായില്ലെന്നും ഷെജിനും ജോയ്സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി.മോഹനൻ പറഞ്ഞു.
കേരളത്തിൽ ലവ് ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കർ എം.ബി.രാജേഷും പ്രതികരിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്ര വിവാഹിതർ ഉള്ളത്. മതനിരപേക്ഷ ജീവിതം സാധ്യമായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതരവാദികളും ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെജിനും ജോയ്സനയ്ക്കും പിന്തുണ നല്‍കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം ജോർജ് എം.തോമസ് നടത്തിയതെന്ന് അറിയില്ലെന്നും ഡിവൈഎഫ്ഐ എന്നും മിശ്രവിവാഹങ്ങളെ പിന്തുണച്ചിട്ടുള്ളൂവെന്നും സനോജ് വ്യക്തമാക്കി.
Also Read: ‘ലവ് ജിഹാദ് നിർമ്മിത കള്ളം’; കോടഞ്ചേരിയിലെ മിശ്രവിവാഹ വിഷയത്തിൽ സിപിഎം നേതാവിനെ തള്ളി ഡിവൈഎഫ്ഐ