തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റാൻ സിപിഎം ആവശ്യപ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ല. ഉദ്യോഗസ്ഥരെ മാറ്റുന്ന കാര്യം തീരുമാനിക്കുന്നത് സർക്കാരാണെന്നും കോടിയേരി പറഞ്ഞു.

ഇന്നലെയാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കാണ് പകരം ചുമതല നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു.

ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം നിയമസഭയിൽ വിമർശനം ഉയർത്തിയപ്പോൾ ‘‘ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട’’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ഇതു പറഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ജേക്കബ് തോമസിനെ അദ്ദേഹം കൈവിട്ടതിനു പിന്നിൽ സിപിഎമ്മിന്റെ ശക്തമായ ഇടപെടലുണ്ടായതാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും തൊട്ടു പിന്നാലെയാണു വിജിലൻസ് ഡയറക്ടറെ മാറ്റാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത്.

മാത്രമല്ല, വിജിലൻസിനെതിരായ തുടർച്ചയായ വിമർശനങ്ങൾക്കൊടുവിൽ ഡയറക്ടറെ സർക്കാർ മാറ്റാത്തത് എന്താണെന്നുവരെ ഹൈക്കോടതി അടുത്തിടെ ചോദിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.