കണ്ണൂർ: കൂത്തുപറമ്പ് മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പാർട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജൻ പ്രതികരിച്ചു.
സിപിഎം പ്രവർത്തകനെ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവർത്തകർ മർദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ലീഗ് പ്രവർത്തകർ വ്യാപകമായി പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകരെയും ലീഗുകാർ മർദ്ദിച്ചു. പൊതുവേ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
Read More: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; 11 പ്രതികളെ തിരിച്ചറിഞ്ഞു
അതേസമയം, മൻസൂറിന്റെ കൊലപാതകത്തിൽ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ പറ്റാത്തതിന്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയതെന്ന് സുധാകരൻ ആരോപിച്ചു. ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവർത്തിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സൻ പനോളിയാണ് ഇതിന് പിന്നിലെന്നും സുധാകരൻ ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വത്സൻ പനോളി.
ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്ലാണ് ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂറിന് (22) വെട്ടേറ്റത്. ഇന്ന് രാവിലെയാണ് മൻസൂർ മരിച്ചത്. മൻസൂറിന്റെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇരുപതംഗ ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് മുഹ്സിന്‍ പറഞ്ഞു.
അതേസമയം, സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ.ഇളങ്കോ അറിയിച്ചു.