കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നല്‍കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരിശോധന നടത്തിയിരുന്നെന്നും വിവാദമായ രംഗം അപ്പോള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്കാരത്തില് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് നടപടി ആവശ്യപ്പെട്ടിരുന്നു. തീവ്രവാദിയെ ചിത്രീകരിക്കാന്‍ പ്രത്യേക മതവിഭാഗത്തിന്റെ വസ്ത്രധാരണം ഉപയോഗിച്ചതിനെതിരെയാണ് സിപിഎം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
“ദൃശ്യാവിഷ്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്,” ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണം,” പ്രസ്താവനയിലൂടെ സിപിഎം ആവശ്യപ്പെട്ടു.
നേരത്തെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. “ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാൻ പാടില്ല. സ്വാഗതഗാനത്തിൽ അതുവരാൻ പാടില്ലായിരുന്നു. സ്വാഗതഗാനത്തിന്റെ ചുമതല വഹിച്ചയാളുടെ സംഘപരിവാർ ബന്ധം അന്വേഷിക്കും,” മന്ത്രി പറഞ്ഞു.