തിരുവനന്തപുരം: സിപിഎമ്മിനെ അപമാനിക്കാന്‍ വാര്‍ത്തകള്‍, ഏഷ്യാനെറ്റ് നിരന്തരം ചമയ്ക്കുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധവുമായി സിപിഎം അനുകൂലികള്‍. ഏഷ്യാനെറ്റിന്റെ ഫെയ്‌സ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്യാന്‍ ആഹ്വാനവുമായാണ് സോഷ്യല്‍ മീഡിയയിലെ സിപിഎം അനുകൂലികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് നിരന്തരം നിര്‍ഭയം സിപിഎമ്മിനെ ആക്രമിക്കുന്നുവെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. ന്യൂസ് അവറില്‍ ഏഷ്യാനെറ്റിന്റെ ന്യൂസ് റീഡറായ വിനു വി. ജോണിന്റെ അവതരണ രീതിയെ സൈബര്‍ ലോകത്തെ സിപിഎം അനുകൂലികള്‍ നോട്ടമിട്ടിരുന്നതാണ്.
vinu

അടുത്ത കാലത്തായി നടന്ന ലോ അക്കാദമി സമരത്തിലും യൂണിവേഴ്‌സിറ്റി കോളജില്‍ യുവാവിനെ ആക്രമിച്ച വിഷയത്തിലും എസ്എഫ്ഐയെ ഏറെ പ്രതിരോധത്തിലാക്കിയ തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയും ചര്‍ച്ചകള്‍ സംഘടിപ്പിച്ചതുമാണ് ഇപ്പോള്‍ സിപിഎമ്മുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം സംബന്ധിച്ച് പിണറായി വിജയന്റെ നിലപാട് സംബന്ധിച്ച ചർച്ചയും സിപിഎമ്മിനെ പ്രകോപിച്ചിട്ടുണ്ട്. പാമ്പാടി നെഹ്‌റു കോഴജില്‍ എൻജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വിനു കോളജ് മാനേജ്‌മെന്റിന് അനുകൂലമായി സംസാരിച്ചുവെന്ന ആരോപണവും സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുന്നുണ്ട്. ലോ അക്കാദമിയില്‍ ബിജെപിയുടെ സമര പന്തല്‍ സന്ദര്‍ശിച്ചതും ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതും വിനുവിന്റെ സംഘപരിവാര്‍ അനുകൂലിയാണ് എന്ന് സമര്‍ത്ഥിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. വിനുവിനെ കഥാപാത്രമാക്കി ട്രോളുകളും ഇറക്കിയിരുന്നു.
vinu1

പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന ആരോപണം ഏഷ്യാനെറ്റിന് എതിരെ ഉയരുന്നത് ഇതാദ്യമല്ല. ബിജെപി തന്നെ ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ചിരുന്നു. കോൺഗ്രസുകാരും നേരത്തെ ഏഷ്യാനെറ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരള സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കെടിയു വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിന്റെ റിവ്യൂവില്‍ ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കി പ്രതിഷേധിച്ചിരുന്നു. മോശം കമന്റുകള്‍ എഴുതിയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
asianet-2

തന്റെ നിലപാടുകൾ നേരത്തെ ബിജെപിക്കാരെയും കോൺഗ്രസുകാരെയും എതിർപ്പിലേയ്ക്ക് എത്തിച്ചിരുന്നു. ഇപ്പോൾ അത് സിപിഎമ്മുകാരായി എന്നേയുള്ളൂവെന്ന് വിനു വി ജോൺ പറഞ്ഞു. ”അവർ സോഷ്യൽ മീഡിയയിൽ എന്തു പറയുന്നുവെന്നത് എനിക്ക് പ്രശ്നമല്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു അത്രയേയുളളൂ. ഞാൻ വി. മുരളീധരനെ മാത്രമല്ല, കണ്ടത്. കെ. മുരളീധരനെയും അവിടെ സമരം ചെയ്ത എല്ലാവരെയും കണ്ടിരുന്നു. ആ പടം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയമാണ്. അതിൽ എനിക്കൊന്നും ചെയ്യാനില്ല. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സമരം നടത്തുന്നിടത്ത് പോകുകയും ആളുകളെ കാണുകയും ചെയ്യും. അത് തലയിൽ മുണ്ടിട്ട് ഒളിച്ച് പോയതല്ല. എല്ലാവരും കാൺകെ പോയതാണ്. വി. മുരളീധരൻ നിരാഹാരം കിടന്നപ്പോൾ ഞാൻ മാത്രമല്ല പോയത് കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനുമെല്ലാം സന്ദർശിച്ചിരുന്നു. സിപിഎമ്മുകാരൊഴികെ എല്ലാവരും പരസ്‌പരം സമരം ചെയ്യുന്നവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഞാനും എല്ലാവരെയും കണ്ടിരുന്നു,”വിനു പറഞ്ഞു.

സി പി എം പ്രഖ്യാപിച്ച് നടത്തുന്ന ക്യാംപെയിൻ അല്ല ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്നതെന്ന് എം ബി രാജേഷ് എം പി വ്യക്തമാക്കി.  ” ഏഷ്യാനെറ്റിന്റെ അജണ്ട ജനങ്ങളെ മനസ്സിലാക്കിക്കാൻ സി പി എം അനുഭാവികൾ ചെയ്യുന്നതായിരിക്കാം ഇത്. അതൊരു അഭിപ്രായ രൂപീകരണം മാത്രമാണ്. അല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ക്യാംപെയിനല്ല. ഏഷ്യാനെറ്റ്, ലോ അക്കാദമി വിഷയം മുതൽ നടത്തി വരുന്ന ക്യാംപെയിനെതിരായി ശക്തമായ വിമർശനം ഉയർന്നു കേട്ടിരുന്നു. അതിന്റെ തുടർച്ചയാകാം ഇതെന്ന് കരുതുന്നു. സി പി എം അങ്ങനെ ഒരു ക്യാംപെയിൻ നടത്തുന്നില്ലെന്നത് ഉറപ്പാണ്. അനുഭാവികളുടേതാകാം. അതിനെ കുറിച്ച് വ്യക്തമായി അറിയില്ല.” രാജേഷ് പറഞ്ഞു.

“എസ് എഫ് ഐയക്കെതിരായി ഗുരുതരമായ ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതിനെ എസ് എഫ് ഐ നേതൃത്വം ഗൗരവമായി കാണണം. അതല്ലാതെ  മാധ്യങ്ങൾക്കും വിമർശകർക്കും എതിരായി സമൂഹ മാധ്യമങ്ങളിൽ,അധിക്ഷേപകരമായ വിമർശനങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്ന്”  മുതിർന്ന മാധ്യമ പ്രവർത്തകനായ  ബി ആർ പി ഭാസ്കർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് എക്കാലത്തും സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കുമെതിരായ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നതിനാൽ ഭരിക്കുന്നവർ എന്നും തങ്ങളോട് എതിർപ്പുയർത്താറുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ  എഡിറ്റർ എം ജി രാധാകൃഷ്ണൻ പറഞ്ഞു. ” യു ഡി എഫും കോൺഗ്രസും ബി ജെപിയും ഇപ്പോൾ സി പി എമ്മും ഉയർത്തുന്ന എതിർപ്പുകൾ ഞങ്ങളുടെ പ്രവർത്തനം ശരിയാണെന്നുള്ള സർട്ടിഫിക്കറ്റായാണ് അംഗീകാരമായാണ് , ഇത്തരം എതിർപ്പുകളെ കാണുന്നത്.”

“കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസുകാരായിരുന്നു എതിർപ്പുമായി രംഗത്തുണ്ടായിരുന്നത്. ബി ജെ പിയെയും നരേന്ദ്രമോദിയെയും വിമർശിച്ചതിന്റെ പേരിൽ ബി ജെ പിക്കാർ ഏറെക്കാലം ചാനൽ ബഹിഷ്ക്കരിച്ചിരുന്നു. ബി ജെപി ചാനലാണ് ഏഷ്യാനെറ്റ് എന്ന ആരോപണം ഉന്നയിച്ച ഗൾഫിൽ മുസ്ലിം മതമൗലിക വാദികൾ ഓൺലൈൻ ക്യാംപെയിൻ നടത്തിയിരുന്നു. അത്തരം എതിർപ്പുകളും ക്യാംപെയിനുകളും അവർ നടത്തട്ടെ ആരുടേതാണെങ്കിലും തെറ്റായ, ജനവിരുദ്ധമായ നയങ്ങൾക്കെതിരെ ശക്തമായ നിലപാടായിരിക്കും ഏഷ്യാനെറ്റ് ന്യൂസ് തുടരു”കയെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.

asianet-1

ഒരു വർഷം മുമ്പ് സംഘപരിവാറാണ് അൺലൈക്ക് ക്യാംപെയിൻ ശക്തമായി നടത്തിയത്. അസഹിഷ്‌ണുത വിഷയം പറഞ്ഞ ആമിർഖാനെ സ്നാപ് ഡീൽ അംബാസിഡർ സ്ഥാനത്തുനിന്നും മാറ്റുന്നതിന് വേണ്ടിയായിരുന്നു ആ ക്യാംപെയിൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.