തിരുവനന്തപുരം: ഭൂപരിഷ്​കരണനിയമ സുവർണ ജൂബിലി ചടങ്ങിൽ സി.അച്യുതമേനോന്റെ പങ്ക്​ പരാമർശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയ​നെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകേണ്ട എന്ന് കാനം പറഞ്ഞു. ഇതൊക്കെ കേരളത്തിലെ എല്ലാവര്‍ക്കും അറിയാമെന്നും സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കേണ്ട എന്നും പിണറായിക്ക് മറുപടിയായി കാനം പറഞ്ഞു.

“ചരിത്രം അറിയാത്തവര്‍ ചരിത്രം വായിച്ചുപഠിക്കുന്നതാണ് നല്ലത്. സൂര്യനെ പാഴ്‌മുറം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കരുത്. അത് പാഴ്ശ്രമം മാത്രമാണ്. ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പങ്കുവയ്‌ക്കേണ്ട ആവശ്യമില്ല. അതിന്റെ ചരിത്രമൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കാന്‍ സാധിക്കണം. സപ്തകക്ഷി സര്‍ക്കാര്‍ രാജിവയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബില്‍ പാസാക്കിയത്. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നിയമം നടപ്പിലാക്കിയത്” കാനം തുറന്നടിച്ചു.

Read Also: മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റാന്‍ നീക്കം; മാണി സി.കാപ്പന് സാധ്യത

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗ’വും രംഗത്തെത്തിയിരുന്നു. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനപൂർവം തമസ്കരിച്ചുവെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ 50-ാം വർഷികത്തിൽ സി.അച്യുതമേനോനെ പരാമർശിക്കാത്തതിനെ വിമർശിച്ചുകൊണ്ടാണ് മുഖപ്രസംഗം.

മുഖ്യമന്ത്രി യാഥാര്‍ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നും ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ചരിത്രത്തോട് തെല്ലും സത്യസന്ധത പുലർത്താതെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തിൽ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല.

Read Also: സ്ത്രീ ശരീരത്തിൽ ഏറ്റവും ലെെംഗിക സുഖം ലഭിക്കുന്ന സ്ഥലം? ജി-സ്‌പോട്ടിനായി തിരച്ചിൽ!

ഭൂപരിഷ്കരണ നിയമം കേരളത്തിന്റെ ഭൂഉടമ ബന്ധങ്ങളിലും ജനതയുടെ പുരോഗതിയിലും നൽകിയ മഹത്തായ സംഭാവനകൾ ചരിത്രമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളം കൈവരിച്ച ആ നേട്ടത്തെ അവമതിക്കാനും അതിനെ ഫലത്തിൽ അട്ടിമറിക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.