തൊടുപുഴ: ഭൂമി കൈയേറ്റത്തിന്റെ പേരില്‍ വിവാദങ്ങളുടെ ഈറ്റില്ലമായ മൂന്നാര്‍ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ ബലപരീക്ഷണത്തിന് വേദിയാകുന്നു. സാധാരണ ഭരണ മുന്നണികള്‍ക്കെതിരായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമരമെങ്കില്‍ മൂന്നാറില്‍ ബലപരീക്ഷണത്തിനു വേദിയാകുന്നത് ഭരിക്കുന്ന മുന്നണിയിലെ രണ്ടു പാര്‍ട്ടികള്‍ തമ്മിലാണ്. സിപിഐ ഭരിക്കുന്ന വനം റവന്യൂ വകുപ്പുകള്‍ക്കെതിരായി മൂന്നാറിലെ പത്തു പഞ്ചായത്തുകളില്‍ സിപിഎമ്മിന്റെ ആശീര്‍വാദത്തോടെ മൂന്നാര്‍ സംരക്ഷണ സമിതി ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ ഏതുവിധേനയും വിജയിപ്പിക്കുമെന്നു സിപിഎമ്മും പരാജയപ്പെടുത്തുമെന്നു സിപിഐയും ഉറച്ച നിലപാടെടുത്തതോടെ മൂന്നാറില്‍ സംഘർഷത്തിന് വഴിയൊരുങ്ങി.

ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെ കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയതു മുതല്‍ തുടങ്ങിയ സിപിഎം-സിപിഐ പോരാട്ടമാണ് ഇപ്പോള്‍ ഹര്‍ത്താലിലെത്തി നില്‍ക്കുന്നത്. ഹര്‍ത്താല്‍ തങ്ങള്‍ ഭരിക്കുന്ന വകുപ്പുകളെ ഉന്നംവച്ചാണെന്നു തിരിച്ചറിഞ്ഞതോടെയാണ് ഏതുവിധേനയും പരാജയപ്പെടുത്തുകയെന്ന നിലയിലേക്കു സിപിഐ എത്തിയത്.

munnar samarakhhana samithi notice

മൂന്നാറിൽ റവന്യൂ വകുപ്പിന്രെ നടപടികൾക്കെതിരായ നോട്ടീസ്

റവന്യൂ വനം വകുപ്പുകളുടെ ജനദ്രോഹ നടപടികളില്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇതിനെതിരേ ശബ്ദിക്കുന്നവരെ കൈയേറ്റക്കാരായി ചിത്രീകരിക്കാനാണ് സിപിഐക്കാര്‍ ശ്രമിക്കുന്നതെന്നും ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. ജഹനിതം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് മൂന്നാറിലുള്ളതെന്നും ഇവരെ നിയന്ത്രിക്കാന്‍ റവന്യൂ വകുപ്പിനു കഴിയുന്നില്ലെന്നും ആരോപിക്കുന്നു.

എസ്.രാജേന്ദ്രന്‍ സംസാരിക്കുന്നത് കര്‍ഷകര്‍ക്കു വേണ്ടിയല്ലെന്നും കൈയേറ്റക്കാര്‍ക്കു വേണ്ടിയാണെന്നുമാണ് സിപിഐ ജടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ ഇതിനു നല്‍കുന്ന മറുപടി. പട്ടയത്തിലെ വ്യവസ്ഥകള്‍ എടുത്തുമാറ്റിയതും പെരിഞ്ചാംകുട്ടിയിലെ ആദിവാസികള്‍ക്കു ഭൂമി നല്‍കിയതും പത്തുചെയിനിലെ പട്ടയ പ്രശ്‌നം പരിഹരിച്ചതും പോലുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടുപോകുമ്പോള്‍ ഇതിനു തുരങ്കംവയ്ക്കാനാണ് രാജേന്ദ്രനെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും ശിവരാമന്‍ കുറ്റപ്പെടുത്തുന്നു.

കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, മറയൂര്‍, കീഴാന്തൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജിലെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്ന് റവന്യൂവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. അടുത്തിടെ കൊട്ടക്കമ്പൂരിലെ 58-ാം ബ്ലോക്കില്‍ നിന്നുമാത്രം 151 കൈയേറ്റക്കാരുടെ പട്ടിക റവന്യൂ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതില്‍ പെരുമ്പാവൂരില്‍ നിന്നുള്ള സിപിഎം നേതാവ് ഉള്‍പ്പടെയുള്ള പ്രമുഖരുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുക്കില്ലെന്നും കൊട്ടക്കമ്പൂര്‍ മേഖലയിലെ ഭൂമി പരിശോധനയുമായി മുന്നോട്ടുപോകാനുമാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.

cpi notice against munnar harthal,

ഹർത്താലിനെതിരെ സിപി ഐ പുറത്തിറക്കിയ നോട്ടീസ്

സിപിഎമ്മും സിപിഐയും തമ്മിലുളള തര്‍ക്കം ജോയ്‌സ് ജോര്‍ജിന്റെ ഭൂമി വിഷയത്തോടെ ജില്ലയിലും ആളിക്കത്തിയിരിക്കുന്നു. ദേവികുളം സബ് കലക്ടര്‍ കോപ്പിയടിച്ചാണ് ഐഎഎസ് പാസായതെന്നു ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും സബ് കലക്ടര്‍ വട്ടനാണെന്നും കോണ്‍ഗ്രസിനു വേണ്ടിയാണ് സബ് കലക്ടര്‍ ജോയ്‌സിന്റെ പട്ടയം റദ്ദാക്കിയതെന്നും വൈദ്യുതി മന്ത്രി എം.എം.മണിയും കുറ്റപ്പെടുത്തിയത് സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിനെ നേരിട്ട് ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ്.

ഇതിനിടിയിൽ ജോയ്‌സ് ജോർജിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ക്ലീൻ ചിറ്റ് നൽകുകയും ജോയ്സ് ഭൂമി കൈയേറിയിട്ടില്ലെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടുപിന്നാലെ സിപിഐ അസിസ്റ്റന്ര് സെക്രട്ടറി കെ.പ്രകാശ് ബാബു ജോയ്സിനെതിരെ രംഗത്തെത്തിയിരുന്നു. ജോയ്സ് ജോർജിന് പിതൃസ്വത്തായി കിട്ടിയ സ്ഥലമാണെന്നും അതിനാൽ കൈയേറിയതാണെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഈ വിഷയത്തിൽ തന്രെ ഭാഗം കേട്ടില്ലെന്ന് കാണിച്ച് ജോയ്സ് ജോർജ് നൽകിയ നിവേദനം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ