/indian-express-malayalam/media/media_files/uploads/2017/11/pinarayi-and-mani-at-kattapana.jpg)
തൊടുപുഴ: ഭൂമി കൈയേറ്റ വിവാദം ഇപ്പോൾ കൈയേറിയിരിക്കുന്നത് എൽ ഡി എഫിലാണ്. എൽ ഡി എഫിനുളളിലെ ആഭ്യന്തരകലാപമായി രൂപപ്പെട്ടിരിക്കുകയാണ് മൂന്നാറിലെ ഭൂമി കൈയേറ്റ വിവാദം. കൊട്ടക്കമ്പൂരിലെ നീലക്കുറിഞ്ഞി സങ്കേതത്തിന്രെ പേരിലാണ് എൽ ഡി എഫിൽ ആഭ്യന്തരകലാപം പൂക്കുന്നത്. ഇടുക്കിയിൽ നിന്നുളള മന്ത്രി എം എം മണിയും സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമനും തമ്മിലുളള വാക്പോര് ജില്ലയിൽ പുതിയ പോരിന് കളമൊരുക്കിയിരക്കുകയാണ്.
ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമിയിലെ പട്ടയം റദാക്കിയ വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര്‍വിളി പുതിയ തലത്തിലേക്കു കടക്കുന്നു. സിപിഐ മുന്നണിയില്‍ തുടരണമെന്നില്ലെന്നു മന്ത്രി എംഎം മണി പറയുന്നതിലേക്ക് ഇപ്പോള്‍ കാര്യങ്ങളെത്തിയിരിക്കുന്നു.
ഞായറാഴ്ച കട്ടപ്പനയില്‍ എംഎം മണി സിപിഐക്കു നേരേ നടത്തിയ കടന്നാക്രമണമാണ് ഇപ്പോള്‍ മുന്നണികള്‍ തമ്മില്‍ ജില്ലയില്‍ തുറന്നപോരിലേക്കു തിരിയുന്ന രീതിയില്‍ കാര്യങ്ങളെത്തിച്ചത്. ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് കോണ്‍ഗ്രസിനു വേണ്ടിയാണെന്നും സിപിഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്നു പണം വാങ്ങിയാണ് പട്ടയം റദ്ദാക്കിയതെന്നുമാണ് മണി സി പി ഐയ്ക്കെതിരെ ആഞ്ഞടിച്ചു. കട്ടപ്പനയിൽ സിപിഎം പുതുതായി നിര്‍മിച്ച ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മണി സിപി ഐയ്ക്കെതിരെ തുറന്നടിച്ചത്. ഉദ്ഘാടനകനായ മുഖ്യമന്ത്രി വേദി വിട്ട ശേഷമായിരുന്നു മണി സിപിഐയെ കടന്നാക്രമിച്ചത്.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ തിങ്കളാഴ്ച മണിക്കു മറുപടിയുമായെത്തി. മന്ത്രി മണി കൈയേറ്റക്കാരുടെ മിശിഹായാണെന്നു പറഞ്ഞ ശിവരാമന്‍ സിപിഐ നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ മണിയെ വെല്ലുവിളിച്ചു.
ആരോപണം തെളിയിക്കുകയോ അല്ലെങ്കില്‍ നിരുപാധികം പിന്‍വലിച്ച് ക്ഷമ പറയുകയോ ചെയ്യണം. കൊടുക്കല്‍-വാങ്ങലിന്റെ രാഷ്ട്രീയം സിപിഐയുടേതല്ലെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും ശിവരാമന്‍. ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയത് സബ്കളക്ടറാണ്. ഇതാകട്ടെ നിയമപരമായ നടപടിയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ നിയമപരമായ സംവിധാനമുണ്ട്. സി പി ഐയുടെയോ മറ്റ് ഏതെങ്കിലും പാര്‍ട്ടിയുടെയോ നിര്‍ദ്ദേശം അനുസരിച്ചല്ല സബ്കളക്ടര്‍ പ്രവര്‍ത്തിക്കുന്നത്. കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.
നിര്‍ദ്ദിഷ്ട മേഖലയിലെ കൈയേറ്റക്കാരെ രക്ഷിക്കാനായാണ് ജോയ്സിനെ മറയാക്കി മണി അങ്കപ്പുറപ്പാട് നടത്തുന്നത്. ജില്ലയില്‍ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിക്കുമ്പോഴെല്ലാം അതിനെതിരായ നിലപാടുമായി എം എം മണി ഉറഞ്ഞുതുളളാറുണ്ടെന്ന് സിപി ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.
എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ് സി പി ഐ. യു ഡി എഫിനെയോ രാഷ്ട്രീയ എതിരാളികളെയോ ആക്രമിക്കാനല്ല സിപിഐയെ ആക്രമിക്കാനാണ് മണി എന്നും താല്‍പര്യപ്പെടുന്നത്. സിപിഐ പണം കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ശിവരാമന്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് സിപിഐയെ കടന്നാക്രമിച്ചു മണി വീണ്ടും രംഗത്തെത്തി. മൂലമറ്റത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ കൈയേറ്റക്കാരുടെ മിശിഹായാണു താനെന്ന സിപിഐ ജില്ലാ സെക്രട്ടറിയുടെ ആരോപണം ബഹുമതിയായി എടുക്കുകയാണെന്ന് എംഎം മണി പറഞ്ഞു. കെ.കെ.ശിവരാമന്‍ പണം വാങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഞായറാഴ്ച നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മാപ്പു പറയുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫില്‍ ഒരുമിച്ചു പോകണമോ എന്ന കാര്യം സിപിഐക്കു തീരുമാനിക്കാമെന്ന് എംഎം. മണി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.