ആലപ്പുഴ: കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് കുഴഞ്ഞ് വീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു. 12-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്.അജയനാണ് മരിച്ചത്. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നഗരത്തില്‍ സെന്‍ട്രല്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്റിന്‌ സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു സംഘര്‍ഷം. ഒന്‍പതു കൗണ്‍സിലര്‍മാര്‍ക്ക്‌ പരുക്കേറ്റു. വൈസ്‌ ചെയര്‍പേഴ്‌സണ്‍ ആര്‍.ഗിരിജ, അബ്‌ദുൽ മനാഫ്‌, ശശികല, അനില്‍കുമാര്‍, ജലീല്‍.എസ്‌ പെരുമ്പളത്ത്‌, ഷാമില അനിമോന്‍ എന്നീ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ക്കും യുഡിഎഫിലെ ഷാനവാസ്‌, ഷീജനാസർ എന്നിവര്‍ക്കുമാണ്‌ പരുക്കേറ്റത്‌. വി.എസ്‌.അജയന്‍, അബ്‌ദുൽ മനാഫ്‌ എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആരംഭിച്ച കൗണ്‍സില്‍ യോഗത്തിന്റെ തുടക്കത്തിലെ തര്‍ക്കങ്ങള്‍ ആരംഭിച്ചിരുന്നു. ബസ്‌ സ്‌റ്റാന്റിനായി നിര്‍ദിഷ്‌ട സ്‌ഥലത്തെ 35 സെന്റ്‌ വസ്‌തു പൊന്നിന്‍ വിലയ്‌ക്കും 30 സെന്റ്‌ റോഡിന്‌ സൗജന്യമായും ലഭ്യമാക്കുന്നതിനോടൊപ്പം സമീപ വസ്‌തുവില്‍ നിന്നും 20 സെന്റ്‌ പൊന്നിന്‍ വിലയ്‌ക്ക്‌ വാങ്ങി ആദ്യഘട്ടമായി പദ്ധതിക്ക് സ്‌ഥലമെടുക്കാമെന്ന്‌ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ പഠിക്കുന്നതിനു വേണ്ടി കൗണ്‍സിലര്‍മാര്‍ക്ക്‌ നല്‍കണമെന്ന്‌ യുഡിഎഫ്‌-ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

തര്‍ക്കങ്ങള്‍ക്ക്‌ ശേഷം സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ അംഗങ്ങള്‍ക്ക്‌ നല്‍കിയെങ്കിലും വിഷയം ചര്‍ച്ച ചെയ്യുന്നതിന്‌ കൗണ്‍സില്‍ യോഗം മാറ്റിവയ്‌ക്കണമെന്ന്‌ യുഡിഎഫ്‌ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.

എല്‍ഡിഎഫിലെ ഷാമില അനിമോന്‍ സംസാരിക്കുന്നതിനിടെ യുഡിഎഫ്‌-എല്‍ഡിഎഫ്‌ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ചെയര്‍മാന്റെ ഡയസിലെ മേശ മറിച്ചിട്ട ശേഷം ഇരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ കസേര വീണ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഗിരിജയുടെ കാലിന്‌ പരുക്കേറ്റു. മര്‍ദനമേറ്റതിനെ തുടര്‍ന്നാണ്‌ വി.എസ്‌.അജയന്‍, അബ്‌ദുൽ മനാഫ്‌ എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.