കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന അഞ്ച് പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഎം. കുറ്റ്യാടി, വടയം ലോക്കല്‍ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് നടപടി. കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു ശേഷം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെയാണ് നടപടി.
കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ.ഗിരീശന്, പാലേരി ചന്ദ്രന്, കെ.പി.ബാബുരാജ്, കെ.പി.ഷിജില്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കെ.പി.വത്സന്, സി.കെ. സതീശന്, കെ.വി.ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സി.കെ.ബാബു, എ.എം.വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ ഏരത്ത് ബാലന്, എ.എം. അശോകന് എന്നിവരെയും ഒരു വര്‍ഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തു.
കുറ്റ്യാടി ലോക്കൽ കമ്മിറ്റിക്ക് കീഴിൽ 16 ബ്രാഞ്ചുകളുണ്ട്. ഇതിലെ രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.കെ.ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍ എന്നിവരെയും ഡിവൈഎഫ്ഐ കുറ്റ്യാടി മേഖല പ്രസിഡന്റ് കെ.വി.രജീഷിനെയുമാണ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ വിളിച്ചു താക്കീത് ചെയ്യാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സ് എമ്മിന് കുറ്റ്യാടിയിൽ സീറ്റ് നൽകിയതിനെ തുടർന്നാണ് നൂറു കണക്കിന് പാർട്ടി പ്രവർത്തകർ ചേർന്ന് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് സീറ്റ് സിപിഎമ്മിന് നൽകുകയും ചെയ്തിരുന്നു.
Also read: കൂടുതൽ വാക്സിൻ എത്തി; ഇന്നു മുതൽ വാക്സിനേഷൻ പൂർവ്വസ്ഥിതിയിലേക്ക്