തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള നിയമസഭ സമ്മേളനത്തിനു അനുമതി നിഷേധിച്ചതിൽ സംസ്ഥാനത്ത് പ്രതിഷേധം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫും യുഡിഎഫും രംഗത്തെത്തി.

ഗവര്‍ണർ ഭരണഘടനാപരമായി പെരുമാറണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരാണ് നിയമസഭ ചേരാന്‍ തീരുമാനം എടുക്കേണ്ടത്. നിയസഭയില്‍ എന്തുചെയ്യണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

“നിയമസഭയുടെ കാര്യപരിപാടികള്‍ തീരുമാനിക്കാന്‍ പ്രത്യേക സമിതിയുണ്ട്. അതിനാല്‍ സഭയില്‍ എന്തുചെയ്യണമെന്ന കാര്യം അവര്‍ നോക്കിക്കോളും. സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ കാര്യങ്ങളും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് സഭ. ഇതൊന്നും ഗവര്‍ണറോട് മുന്‍കൂട്ടി വിശദീകരിക്കേണ്ട ആവശ്യമില്ല,” വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർക്കെതിരെ അതിരൂക്ഷ ഭാഷയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. അമിത് ഷായുടെ നിർദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: പുതിയ വെെറസിന് വ്യാപനശേഷി കൂടുതൽ; ജാഗ്രതയോടെ കേരളവും, വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കും

നിയമസഭ സമ്മേളനത്തിനു അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് കോൺഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്.

കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ ഇന്നലെ തള്ളിയിരുന്നു. നിയമസഭ ചേരാൻ അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഗവർണർ സ്‌പീക്കറോട് വിശദീകരണവും തേടി.

കേന്ദ്ര സർക്കാരിന്റെ കർഷക നിയമ ഭേദഗതികൾ വോ‍ട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വി‍ളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോ‍ട്ടിനിട്ടു തള്ള‍‍ുന്നതിനൊപ്പം ഭേദഗതി നിരാ‍കരിക്കാനും ആലോചനയുണ്ടായിരുന്നു.

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തെ യുഡിഎഫ് പിന്തുണയ്‌ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേരത്തെ അറിയിച്ചത്. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷക വിരുദ്ധ കരിനിയമമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.