ഫൈസല്‍ വധശ്രമക്കേസിൽ അടൂർ പ്രകാശ് ഇടപെട്ടു; ശബ്‌ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

എംപിയെന്ന നിലയ്‌ക്ക് പലരെയും വിളിക്കാറുണ്ടെന്നും പലരെയും അടുത്തറിയുമെന്നും പറഞ്ഞ അടൂർ പ്രകാശ് ന്യായമായ കാര്യങ്ങൾക്കല്ലാതെ ഒരു പൊലീസ് സ്റ്റേഷനിലേക്കും താൻ വിളിച്ചിട്ടില്ലെന്നും പറഞ്ഞു

തിരുവനന്തപുരം: അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ അടൂർ പ്രകാശ് എംപി പ്രതികളെ സഹായിച്ചതായി റിപ്പോർട്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഷജിത്തിന്റെ ശബ്‌ദരേഖ ഡിവൈഎഫ്‌ഐ പുറത്തുവിട്ടു. “ഞാനും അതിൽ ഒരു കണ്ണിയായി. എഫ്ഐആർ ഇട്ടില്ല. എംപിയൊക്കെ ഇടപെട്ടു. എംപി വിളിച്ചായിരുന്നു. എംപി തന്നെ എല്ലാം ക്ലിയറാക്കി തന്നു,” ഷജിത്തിന്റേത് ആണെന്ന് പറഞ്ഞ് ഡിവെെഎഫ്ഐ പുറത്തുവിട്ട ശബ്‌ദരേഖയിൽ പറയുന്നു.

അതേസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടും അടൂർ പ്രകാശിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. മന്ത്രി ഇ.പി.ജയരാജൻ തന്നെ അടൂർ പ്രകാശിനെതിരെ പരസ്യമായി രംഗത്തെത്തി. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നതിനു അടൂര്‍ പ്രകാശ് എംപിയെ ബന്ധപ്പെട്ടിരുന്നതായി ജയരാജൻ ആരോപിച്ചു. കൊലയ്‌ക്കു ശേഷം ലക്ഷ്യം നിർവഹിച്ചുവെന്ന് പ്രതികൾ അടൂർ പ്രകാശിന് സന്ദേശം അയച്ചതായും ജയരാജൻ പറഞ്ഞു.

Read Also: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഇ.പി.ജയരാജൻ

അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജൻ ആരോപിച്ചു.

ഫെെസൽ വധശ്രമക്കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു അടൂർ പ്രകാശ് എംപി കൃത്യമായ മറുപടി നൽകിയില്ല. എംപിയെന്ന നിലയ്‌ക്ക് പലരെയും വിളിക്കാറുണ്ടെന്നും പലരെയും അടുത്തറിയുമെന്നും പറഞ്ഞ അടൂർ പ്രകാശ് ന്യായമായ കാര്യങ്ങൾക്കല്ലാതെ ഒരു പൊലീസ് സ്റ്റേഷനിലേക്കും താൻ വിളിച്ചിട്ടില്ലെന്നും പറഞ്ഞു. പാർട്ടിപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പ്രാദേശിക നേതാക്കൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpm congress dispute allegations against adoor prakash

Next Story
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഇ.പി.ജയരാജൻAdoor Prakash and EP Jayarajan
The moderation of comments is automated and not cleared manually by malayalam.indianexpress.com