കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിന് വേണ്ടി പിരിച്ച പണം തിരിമറി നടത്തിയിട്ടില്ലെന്ന് സിപിഎം. എറണാകുളം ഇടുക്കി ജില്ലാ കമ്മിറ്റികൾ നാല് കോടി പിരിച്ച് 35 ലക്ഷം മാത്രമാണ് ചിലവഴിച്ചതെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി 71 ലക്ഷം രൂപയാണ് ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ചതെന്നാണ് അവർ പുറത്തുവിട്ട് കണക്ക്. അഭിമന്യുവിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമായി 40 ലക്ഷം രൂപയാണ് ജില്ലാ കമ്മിറ്റി ചിലവാക്കിയത്.

അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് നേതൃത്വം കൊടുത്തത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ്. 10 ലക്ഷം രൂപയാണ് വിവാഹത്തിന് വേണ്ടി മാറ്റിവച്ചത്. വിവാഹത്തിന്റെ ചിലവ് കഴിഞ്ഞ് ഇതിൽ ബാക്കിവന്ന ഒന്നര ലക്ഷം രൂപ സഹോദരിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു.  അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരിൽ ശേഷിച്ച മുഴുവൻ തുകയും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 23,75,000 രൂപയാണ് മാതാപിതാക്കളുടെ പേരിൽ നിക്ഷേപിച്ചത്.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല് ബാങ്ക്‌ അക്കൗണ്ടില് കൂടി 2,39,74,887 ആണ് പിരിച്ചെടുത്തത്.  അഭിമന്യുവിന്റെ സ്മാരകമായി എറണാകുളത്ത് പഠനകേന്ദ്രം നിർമ്മിക്കാനുളള  ശ്രമത്തിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. അഭിമന്യുവിന്റെ പേരിൽ സ്വരൂപിച്ച മുഴുവൻ തുകയും ഇതിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നത്. എറണാകുളം നഗരത്തിൽ ഇതിനായി സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അതിനായുളള തിരച്ചിൽ തുടരുകയാണെന്നും അവർ വിശദീകരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.