തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരള കോൺഗ്രസിനെ മത്സരിപ്പിക്കുന്നതിൽ പ്രതിഷേധിക്കുന്ന കോൺഗ്രസുകാരെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിഷേധിക്കുന്ന കോൺഗ്രസുകാർ സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണക്കുമെന്നാണ് കോടിയേരി പറഞ്ഞത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം. സിപിഎമ്മിന് രണ്ട് സീറ്റിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാവും. ഇതിലൊന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വവുമാണ് മത്സരിക്കുന്നത്.

രാജ്യസഭ സീറ്റിൽ ജയിക്കാൻ 36 ഒന്നാം വോട്ടാണ് വേണ്ടത്. രണ്ട് സ്ഥാനാർത്ഥികളെ ജയിപ്പിച്ചാലും പിന്നെയും ഇടതുപക്ഷത്ത് 19 വോട്ടുകൾ ബാക്കി കാണും. പ്രതിഷേധമുളള കോൺഗ്രസുകാർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് കോടിയേരി ആഹ്വാനം ചെയ്തത്.

“ഞങ്ങൾ മൂന്നാമത്തെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നില്ല. പ്രതിഷേധിക്കുന്ന കോൺഗ്രസുകാർക്ക് നട്ടെല്ലുണ്ടെങ്കിൽ അവർ മൂന്നാമത്തെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കട്ടെ. അപ്പോൾ പിന്തുണക്കുന്ന കാര്യം ആലോചിക്കാം,” കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ