തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. ദേശീയ രാഷ്‌ട്രീയ സ്ഥിതിഗതി വിലയിരുത്തുന്നതിനൊപ്പം കേന്ദ്ര സർക്കാരിനെതിരായ സമരവും പ്രചാരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്‌ യോഗം ചർച്ചചെയ്യും. തിരുവനന്തപുരം ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ മുൻനിരയിൽ തന്നെ നിലയുറപ്പിക്കാൻ കേരള സർക്കാരിനും ഇടതുപക്ഷത്തിനും സാധിച്ചിരുന്നു. പ്രതിപക്ഷവുമായി ചേര്‍ന്നുള്ള പ്രതിഷേധം, നിയമസഭാ പ്രമേയം, സുപ്രീംകോടതിയിലെ നിയമയുദ്ധം എന്നിവയെല്ലാം പരക്കെ അംഗീകരിക്കപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിഷേധ പരിപാടികൾക്ക് കേരളത്തിൽ തന്നെ നടക്കുന്ന കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയേക്കും.

മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ പങ്കെടുക്കുന്നില്ല. ചികിത്സയിലായതിനാണ് ഇരുവരും കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. കേരള സർക്കാരിനോടു കേന്ദ്രത്തിന് അവഗണനയാണെന്നു വിലയിരുത്തുന്ന സിപിഎം ഇതു രാജ്യമാകെ ചർച്ചാ വിഷയമാക്കാനുള്ള ശ്രമത്തിലുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.