ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി.ജയരാജനെതിരായ അനധികൃത്ത സ്വത്ത് ആരോപണത്തിൽ കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് വിവരം തേടിയതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ജയരാജനെതിരായ സാമ്പത്തിക ആരോപണം പിബി പരിശോധിച്ചേക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം വിഷയം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യാനാണ് സാധ്യത. ഇ.പി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ പിബി പരിശോധന അനിവാര്യമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.
ഇ.പി.ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. പി.ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സാധ്യത. പി.ജയരാജനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജരാജനെതിരെ സംസ്ഥാന സമിതി അംഗം പി.ജയരാജനാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന് സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്. കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് പി.ജയരാജന് സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചത്.