ന്യൂഡൽഹി: എ.കെ.ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിർപ്പ്. തോമസ് ചാണ്ടിക്ക് ഇടതു മന്ത്രിസഭയിൽ ഇടം നൽകുന്നത് ഉചിതമാകില്ല. എതിർപ്പ് മുൻപ് ശരത് പവാറിനെ അറിയിച്ചതാണെന്ന് സിപിഎം കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ജാഗ്രത വേണമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കേന്ദ്രസർക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. ഉദ്യോഗസ്ഥ അഴിച്ചുപണിയെക്കുറിച്ച് ആലോചിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചു.

രണ്ടംഗങ്ങൾ മാത്രമുളള എൻസിപിയിലെ ഇതര അംഗമായ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്നു സൂചനയുണ്ട്. മാത്രമല്ല, മന്ത്രിപദത്തിന് എൻസിപിക്ക് അവകാശമുണ്ടെന്നും ദേശീയ നേതൃത്വവും പ്രതികരിച്ചിരുന്നു. എൻ‌സിപി ദേശീയ നേതൃത്വവും ഇടതുമുന്നണിയും ആവശ്യപ്പെട്ടാൽ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കുമെന്നാണ് തോമസ് ചാണ്ടി വ്യക്തമാക്കിയത്. മന്ത്രിസ്ഥാനത്തിനു വേണ്ടി ധൃതിയൊന്നുമില്ലെന്നും എന്നാൽ പാർട്ടിക്കു മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എൻസിപിയുടെ രണ്ട് എംഎൽഎമാരിൽ ഒരാളാണ് തോമസ് ചാണ്ടി. എ.കെ.ശശീന്ദ്രനെ പിണറായി മന്ത്രിസഭയിൽ മന്ത്രിയാക്കാൻ തീരുമാനിച്ചത് ഒരുപാട് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തോമസ് ചാണ്ടിയും മന്ത്രിസഭയിൽ പദവി ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രനും പിന്നത്തെ രണ്ടര വർഷം തോമസ് ചാണ്ടിയ്ക്കും നൽകാമെന്നു പറഞ്ഞാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ