/indian-express-malayalam/media/media_files/eI4bOfwzfSjzTSoQtQL1.jpg)
സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. രണ്ടുതവണ തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ തീരുമാനമാകും. കേന്ദ്രസർക്കാരിനെതിരായ തുടർ സമരപരിപാടികളും ആലോചനയിലാണ്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങളാണ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്.
Also Read:വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി; എൻഎസ്എസുമായി സഹകരണത്തിന് തയ്യാറെന്നും പ്രഖ്യാപനം
സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തിൽ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടർച്ചയായി എംഎൽഎ ആയവരെ മത്സരിപ്പിക്കാൻ ഇളവു നൽകണമോ കാര്യത്തിൽ കേന്ദ്രകമ്മിറ്റി മാർഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന. കേന്ദ്രസർക്കാരിനെതിരായ സമരപരിപാടികളും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും.
Also Read:ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം
അതേസമയം, ഗൃഹസന്ദർശന പരിപാടിക്കിടെ പാർട്ടി പ്രവർത്തകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുമായി സി.പി.എം.സംസ്ഥാന കമ്മറ്റി രംഗത്തെത്തി. ജനങ്ങൾ പറയുന്നത് തർക്കിക്കാതെ ക്ഷമയോടെ കേൾക്കണമെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നുമാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശം.
ചെറിയ സ്‌ക്വാഡുകളായി വീടുകൾ സന്ദർശിക്കുക, വീട്ടുകാരുമായി പരിചയമുള്ളവർ സംഘത്തിലുണ്ടാകുക, വീടിനുള്ളിലിരുന്ന് സംസാരിക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ കുറിപ്പിൽ വ്യക്തമാക്കുന്നു. ജനങ്ങളോട് തികഞ്ഞ സംയമനം പാലിക്കണം. അവർക്ക് പറയാനുള്ളതെല്ലാം പൂർണ്ണമായും കേട്ടതിനുശേഷം മാത്രം മറുപടി നൽകണം. സംസാരിക്കുന്നതിനിടയിൽ കയറി ഇടപെടുകയോ വാഗ്വാദങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്നും കുറിപ്പിലുണ്ട്.
Also Read:മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ഇല്ല
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളും കുറിപ്പിൽ വിശദീകരിക്കുന്നു. സ്വർണക്കൊള്ളയിൽ സർക്കാരിന് പങ്കില്ലേ എന്ന ചോദ്യത്തിന്, കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പാടില്ലെന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് മറുപടി നൽകണം.
ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണം നടത്തിയവർ മുതൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികളെ വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എ. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിന്, ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് വിശദീകരിക്കണം. ആർ.എസ്.എസ്, ജമാഅത്തെ ഇസ്ലാമി എന്നിവർക്കെതിരായ വിമർശനങ്ങൾ വിശ്വാസികൾക്കെതിരല്ലെന്നും പാർട്ടി വ്യക്തമാക്കുന്നു. വർത്തമാനകാലത്ത് ഉയർന്നുവരാൻ സാധ്യതയുള്ള ഇത്തരം വിഷയങ്ങളിൽ സാഹചര്യത്തിനനുസരിച്ച് വേണം പ്രതികരിക്കാനെന്നും കുറിപ്പിൽ പറയുന്നു.
Read More:നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: നയം വ്യക്തമാക്കി കെസി വേണുഗോപാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us