/indian-express-malayalam/media/media_files/uploads/2018/09/pk-sasi.jpg)
ന്യൂഡൽഹി: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ മണ്ണാർക്കാട് എംഎൽഎ പികെ ശശിക്കെതിരായ സസ്പെൻഷൻ നടപടി പാർട്ടി കേന്ദ്രകമ്മിറ്റി ശരിവച്ചു. സംസ്ഥാന കമ്മിറ്റിയാണ് പികെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്യാൻ തീരുമാനം എടുത്തത്.
പികെ ശശി എംഎല്‍എയെ വെള്ളപൂശിയാണ് സിപിഎം അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് എന്ന് ഇന്നലെ വാർത്ത പുറത്തുവന്നിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.
ശശിയെ വെള്ളപൂശിയും പരാതിക്കാരിയെ എതിര്‍ത്തുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. പികെ ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഇല്ലെന്നും പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നും പികെ ശശി പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേന്ദ്രകമ്മിറ്റിക്ക് പരാതിക്കാരി അയച്ച രണ്ട് കത്തുകളും തളളിയാണ് സിപിഎം തീരുമാനം. എംഎൽഎയ്ക്ക് എതിരെ കൂടുതൽ നടപടി വേണ്ടെന്നാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. നേരത്തെ പരാതിക്കാരിയെ അനുകൂലിച്ച് വിഎസും കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു.
പികെ ശശി എംഎൽഎയെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്ത പാർട്ടി നടപടിയിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പാർട്ടിയിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അത് നേതൃത്വം കാത്തുവെന്നുമാണ് അവർ വാർത്തയോട് പ്രതികരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.