തിരുവനന്തപുരം: സിപിഎം-ബിജെപി സംഘർഷം രൂക്ഷമായ തിരുവനന്തപുരത്ത് പൊലീസുകാർക്ക് ജാഗ്രതാ നിർദ്ദേശം. ഇതേ തുടർന്ന് പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ കർശനമാക്കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ സിപിഎം സംസ്ഥാന മന്ദിരമായ എകെജി സെന്ററിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

അതേസമയം ഇന്നലെ നടന്ന അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേർക്ക് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് മൂന്നരയോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിന് നേർക്കും ആക്രമണം ഉണ്ടായി.

ഇന്ന് പുലർച്ചെ ബിജെപി ഓഫീസിന് നേർക്ക് ആക്രമണം നടക്കുബോൾ അഞ്ച് പൊലീസുകാർ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന് മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

അക്രമത്തിന്റെ തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കത്തോടെയാണെന്ന് വിശദീകരിച്ച് രംഗത്ത് വന്ന കോടിയേരി ബാലകൃഷ്ണൻ, ബിനീഷിനെയല്ല തന്നെയാണ് ലക്ഷ്യമിട്ടതെന്നും ആരോപിച്ചിരുന്നു.

സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ കണ്ണൂർ ജില്ലയിലെ സിപിഎം ജില്ല കമ്മിറ്റി ഓഫീസിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ബിജെപി-സിപിഎം സംഘർഷം നിലനിൽക്കുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ