കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് അയ്യപ്പ ശാപമേറ്റതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള. സിപിഎം ദയനീയമായ പരാജയമാണ് അവരുടെ രണ്ട് സിറ്റിങ് സീറ്റുകളിൽ ഏറ്റുവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ അയ്യപ്പന്റെ ശാപമേറ്റ് ഏറ്റവും ദയനീയമാണ് സിപിഎം തകർന്നടിഞ്ഞത്. അവരുടെ രണ്ട് സീറ്റുകളിൽ അവരെ ജനം തൂത്തെറിഞ്ഞു. 39 ൽ 21 സീറ്റ് നേടിയെങ്കിലും പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലുമുളള ജനങ്ങൾ സിപിഎമ്മിനെ തൂത്തെറിഞ്ഞു,” ശ്രീധരൻ പിളള പറഞ്ഞു.
പത്തനംതിട്ടയിലെ രണ്ട് സിറ്റിങ് സീറ്റുകളിൽ സിപിഎം പരാജയപ്പെട്ടതിനെയാണ് പിഎസ് ശ്രീധരൻ പിളള പരാമർശിച്ചത്. ഒരു സീറ്റിൽ നാലാം സ്ഥാനത്തും ഒരു സീറ്റിൽ മൂന്നാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടതാണ് ശ്രീധരൻ പിളള പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.
കണ്ണൂര്‍ ശ്രീകണ്ഠപുരത്താണ് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനം അദ്ദേഹം ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ടയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത് ഹിന്ദുക്കൾ തീരെയില്ലാത്ത സ്ഥലമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. “ബിജെപി രണ്ട് സീറ്റിൽ ജയിച്ചു. മാത്രമല്ല, എട്ടിടത്ത് ബിജെപി രണ്ടാം സ്ഥാനത്താണ്. നമ്മുടെ ഗ്രാഫ് മുകളിലോട്ടാണ്. കമ്മ്യൂണിസ്റ്റ്കാരന്റെ ഗ്രാഫ് താഴോട്ടാണ്” എന്നും ശ്രീധരൻ പിളള പറഞ്ഞു.