തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയറെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻഡ് കുമ്മനം രാജശേഖരന്റെ വെല്ലുവിളി. ബിജെപി അംഗങ്ങൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും അതിന് തക്കതായുള്ള പരുക്കുകൾ മേയർ വി.കെ.പ്രശാന്തിന് സംഭവിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപി അംഗങ്ങൾക്കെതിരായ കേസുമായി മുന്നോട്ട് പോയാൽ വലിയ പ്രത്യാഘാതങ്ങൾ​ ഉണ്ടാവുമെന്ന് കുമ്മനം മുന്നറിയിപ്പ് നൽകി.

ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ സിപിഎമ്മിന്രെ കപടനാടകമാണെന്നും കുമ്മനം ആരോപിച്ചു. തിരുവനന്തപുരത്ത് ഉണ്ടായ സംഘർഷങ്ങൾ സ്വാഭാവികം മാത്രമാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം – ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മേയർ വി.കെ.പ്രശാന്തിന് പരുക്കേറ്റിരുന്നു. നഗരസഭയിൽ ഇടതുമുന്നണി ഭരണം രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ മുഖ്യ പ്രതിപക്ഷമായ ബിജെപിയും യുഡിഎഫും പ്രതിഷേധം നടത്തുകയായിരുന്നു. പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് പ്രശ്നം ഉടലെടുത്തത്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.

മേയറുടെ വസ്ത്രം വലിച്ചുകീറിയ ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തളളിത്താഴെ ഇടുകയായിരുന്നുവെന്ന് ഡപ്യൂട്ടി മേയര്‍ ആരോപിച്ചു. കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബിജെപിക്കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇടതു കൗൺസിലർമാർ ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ