തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം തുടർക്കഥയാകുന്നു. തിരുവനന്തപുരം ചാക്കയിൽ വെള്ളിയാഴ്ച രാത്രി രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗം ഹരികൃഷ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഏഴ് മണിയോടെ ചാക്കയിലെ വൈഎംഎ ലൈബ്രറിയിൽ വച്ചാണ് ആക്രമണമുണ്ടായത്.

ചാക്ക വയ്യാമൂലയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരേയും ആക്രമണമുണ്ട്. സിപിഐഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആരോപണം നിഷേധിച്ച സിപിഎം തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ച വിഷയം നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കുറ്റപ്പെടുത്തി.

അതേസമയം, കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാവും കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഔദ്യോഗിക ഉത്തരവിറക്കി.

Read More: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്ത എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തിനിടെ പരുക്കേറ്റ മുഖ്യപ്രതിയായ ഇര്‍ഷാദ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ ഇര്‍ഷാദിനേയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് അബ്ദുള്‍ റഹ്മാൻ ഹൗഫിന് കുത്തേല്‍ക്കുന്നത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അബ്‌ദുൾ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാൻ ഹൗഫിനേയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അബ്‌ദുൾ റഹ്‌മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം മുതൽ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലെ കല്ലൂരാവിയിൽ മുസ്‌ലിം ലീഗ്-സിപിഎം സംഘർഷമുണ്ടായിരുന്നു. എൽഡിഎഫിന് വോട്ടുകൂടി എന്ന് ആരോപിച്ച് നഗരസഭാ മുപ്പത്തിയാറാം വാർഡിൽ ഒരു കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.