ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണങ്ങളിൽ സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്ന് സിപിഎം ബംഗാൾ ഘടകം. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങൾ പാർട്ടിക്ക് തീരാ കളങ്കമാണ് ഉണ്ടാക്കിയത്. ആരോപണത്തിൽ സീതാറാം യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കിയത് അപലപനീയമെന്നും ബംഗാൾ ഘടകം ആരോപിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവും ചർച്ചയായത്. മുതിര്‍ന്ന അംഗങ്ങളായ മാനവ് മുഖര്‍ജിയും മൊയ്‌നുല്‍ ഹസ്സനുമാണ് വിഷയം ഉന്നയിച്ചത്.

തിരുവനന്തപുരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ബിനോയ് കോടിയേരി വിഷയം ഉയർന്നിരുന്നു. ഈ വിഷയം ചർച്ച ചെയ്തപ്പോൾ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആരോപണത്തിനു പിന്നിൽ പങ്കുണ്ടെന്ന പരാമർശം ഉയർന്നു. യെച്ചൂരിയെക്കുറിച്ച് പരാമര്‍ശിച്ചത് ശരിയായില്ലെന്നും ഇത് ഒഴിവാക്കാമായിരുന്നെന്നും ബംഗാളിലെ മുതിർന്ന പാർട്ടി അംഗങ്ങൾ യോഗത്തിൽ വിമർശിച്ചു.

ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പേരില്‍ കോടികള്‍ ലോണ്‍ എടുത്ത് മുങ്ങിയെന്നാണ് ബിനോയ്ക്ക് എതിരെ ഉയർന്ന ആരോപണം. ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.