തിരുവനന്തപുരം: ബിജെപി-ആര്‍എസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർക്ക് പരാതി നൽകി. ബിജെപി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരന്‍റെയും ഒ.രാജഗോപാൽ എംഎൽഎയുടെയും നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് ഗവർണർ പി.സദാശിവത്തെ സന്ദര്‍ശിച്ചത്.

മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്‍റെ ഭരണ തലവനായ ഗവർണറെ സമീപിച്ചതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പിണറായി വിജയന്രെ ഭരണത്തിൽ ഏകപക്ഷീയമായി ബിജെപി-ആർഎസ്എസ് പ്രവർത്തകർ അക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം 15 ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. സംഘപരിവാർ പ്രവർത്തകർക്ക് നേരെ 600ൽ അധികം അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 100 കണക്കിന് പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശം ഉണ്ടായി. തൃശൂർ, കോട്ടയം ജില്ലകളിലും സിപിഎം അക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് തടയാൻ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി കുമ്മനം പറഞ്ഞു.

കൊലപാതകങ്ങൾ രാജ്യത്ത് ചർച്ചയായതോടെ സിപിഎം അക്രമത്തിന്‍റെ രീതി മാറ്റിയിരിക്കുകയാണ്. ആളെ കൊല്ലുന്നതിന് പകരം കൊല്ലാക്കൊല നടത്തുകയാണ്. സാധാരണ ജീവിതത്തിലേക്ക് ഒരിക്കൽ പോലും തിരിച്ചു വരാനാകാത്ത വിധമാണ് ഇപ്പോൾ ബിജെപി പ്രവർത്തകരെ സിപിഎം അക്രമിക്കുന്നത്. സമാധാനം ഉറപ്പാക്കുന്നതിന് സർക്കാരുമായി എല്ലാ തലത്തിലും ബിജെപി സഹകരിച്ചു. മുഖ്യമന്ത്രി വിളിച്ച സമാധാന യോഗങ്ങളിൽ പങ്കെടുത്ത് സഹകരണം വാഗ്‌ദാനം ചെയ്തു . ജനാധിപത്യ രീതിയിൽ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും സിപിഎം അക്രമം അനുദിനം കൂടുകയാണ്. സംസ്ഥാന സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ് ഇതിന് കാരണം.

അക്രമം നടത്തുന്നത് ആരായാലും അവർക്കതിരെ നടപടി വേണം. ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുകയും കൂടി ചെയ്താലേ അക്രമം അവസാനിക്കുകയുള്ളൂ. എന്നാൽ അതിനു പകരം ഭരണം ഉപയോഗിച്ച് സിപിഎം നിരപരാധികളെ പീഡിപ്പിക്കുകയാണ്. പക്ഷപാതമില്ലാതെ നീതി നടപ്പാക്കാൻ ഗവർണർ ഇടപെടണം. ആഭ്യന്തരമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി റിപ്പോർട്ട് തേടി ഉചിതമായ തുടർ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടതായി കുമ്മനം പറഞ്ഞു.

കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ബിജെപി നേതാക്കൾ അറിയിച്ചു.

നേരത്തെ കണ്ണൂരിൽ കുമ്മനം ഗവർണർക്കെതിരെ പ്രസ്താവന നടത്തിയിരുന്നു.   കണ്ണൂരിൽ നടക്കുന്ന അക്രമങ്ങളിൽ ഗവർണർ നിഷ്‌ക്രിയമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരൻ ആരോപിച്ചത്.  കണ്ണൂരിലെ ജനങ്ങളുടെ പൗരാവകാശം സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുത്. അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ നിഷ്‌ക്രിയനായി ദൃക്‌സാക്ഷിയായി നോക്കിനില്‍ക്കാതെ ഗവര്‍ണറുടെ ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വഹിക്കണം. സംഭവങ്ങളിൽ ഗൗരവമായി ഗവർണർ ഇടപെണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്ര് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം രണ്ട ്ദിവസം കഴിഞ്ഞാണ് ഇന്ന് കുമ്മനത്തിന്റെ നേതൃത്വത്തിൽ ഗവർണറെ കണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ