തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭയിലേക്കുളള സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒരിക്കൽ കൂടി മത്സരിക്കാൻ താനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ എ.എം ആരിഫിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. നിലവില്‍ അരൂര്‍ എംഎല്‍എ ആണ് അദ്ദേഹം. ഒരു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ മണ്ഡലത്തില്‍ ആരിഫിനെ ഇറക്കി ജയിക്കാമെന്നാണ് സിപിഎം പ്രതീക്ഷ.
എ.സമ്പത്ത് (ആറ്റിങ്ങൽ), എം.ബി.രാജേഷ് (പാലക്കാട്), പി.കെ.ബിജു (ആലത്തൂർ), പി.കെ.ശ്രീമതി (കണ്ണൂർ), ജോയ്സ് ജോര്‍ജ് (ഇടുക്കി), എന്നിവർ വീണ്ടും മത്സരിക്കും. ജെഡിഎസിന് ഇത്തവണ ലോക്സഭാ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. പി കരുണാകരന് ഇത്തവണ മത്സരിക്കുന്നില്ല.
ഘടക കക്ഷികൾക്ക് സീറ്റ് വിട്ട് നൽകാതെ പതിനാറിടത്ത് സിപിഎം തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം.
കോട്ടയം സീറ്റിൽ ഇത്തവണ സിപിഎം തന്നെ മത്സരിക്കും. 2014ല്‍ സീറ്റ് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്ന് വിലയിരുത്തി. കാസർകോട് കെ.പി.സതീഷ് ചന്ദ്രനാണ് സാധ്യത. വടകരയിലേക്ക് പി.സതീദേവി, മുഹമ്മദ് റിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, പൊതുസ്വതന്ത്രർ എന്നിവരാണ് പരിഗണനയിൽ. ഇന്നസെന്റിന്റെ കാര്യത്തിലും ചര്‍ച്ച തുടരുകയാണ്.