ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചകളില്‍ ഇനി മുതല്‍ സിപിഎം പ്രതിനിധികൾ പങ്കെടുക്കില്ല. ചാനലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചർച്ചകളിൽ തങ്ങളുടെ പ്രതിനിധികൾക്ക് വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാട് വ്യക്‌തമാക്കാനും സമയം നൽകിയില്ലെന്ന് ആരോപിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്ന് സിപിഎം ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.
സാധാരണനിലയിൽ സിപിഎം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് സിപിഎം പ്രതിനിധികളുടെ ചുമതലയാണ്. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണെന്ന് ഔദ്യോഗിക കുറിപ്പിൽ സിപിഎം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം.ബി.രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും എം.സ്വരാജ് എംഎൽഎ സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസപ്പെടുത്തിയതെന്ന് കറുപ്പില്‍ പറയുന്നു.
“മൂന്ന് രാഷ്‌ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഎം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്‌ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു. വസ്‌തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഎം നിലപാടുകൾ ജനങ്ങൾ അറിയരുതെന്നാണ് ആഗ്രഹിക്കുന്നത്. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്‌ക്കുകയും ചെയ്യുന്നു. സിപിഎമ്മിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകൾ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചർച്ചാവേദിയിൽ പങ്കെടുക്കുന്നത് തെറ്റാണെന്ന് സിപിഎം കരുതുന്നു. അതു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം,” സിപിഎം വ്യക്തമാക്കി.
Read More : അസഹിഷ്‌ണുത ഹാഷ് ടാഗാക്കി സൈബർ സഖാക്കൾ; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ക്യാംപെയിൻ
അതേസമയം, സിപിഎമ്മിന്റെ ആരോപണങ്ങൾ ശരിയല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി.രാധാകൃഷ്‌ണൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“ചർച്ചയിൽ അതാത് സമയത്തെ യുക്‌തി നോക്കി അവതാരകർ ഇടപെടുന്നതാണ്. ചർച്ചയിലെ ഇടപെടലുകൾ ആസൂത്രിതമല്ല. ഒരു ചർച്ചയിലെ സ്വാഭാവിക ഇടപെടലുകൾ മാത്രമാണ് അത്. അതാത് സർക്കാരിന്റെ കാലത്ത് അവർക്കെതിരെ വാർത്തകൾ കൊടുക്കുമ്പോൾ ഇത്തരത്തിലുള്ള സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഞങ്ങൾക്കെതിരെ നൽകിയ കേസ് കോടതിയിലുണ്ട്. വാർത്തകളിലും ചർച്ചകളിലും പക്ഷപാതപരമായി നിലപാടെടുത്തിട്ടില്ല,”
സിപിഎമ്മിന്റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു.