scorecardresearch
Latest News

പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യം; ആരിഫിനെ തള്ളി ആലപ്പുഴ ജില്ലാ നേതൃത്വവും

ആരിഫിനെ തള്ളിയായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചത്

ആലപ്പുഴ: ആരൂര്‍-ചേര്‍ത്തല ദേശിയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട എ.എം ആരിഫ് എം.പിയുടെ നടപടിയെ തള്ളി ആലപ്പുഴ ജില്ലാ നേത‍ൃത്വം. പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യമായെന്നും തന്നോട് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

റോഡ് സഞ്ചാര യോഗ്യമാകണം എന്നത് മാത്രമാണ് ആവശ്യമെന്നും, പരാതിക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട എന്നുമായിരുന്നു ആരിഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. “നാട്ടുകാരുടെ ആവശ്യമാണ് കത്തിലൂടെ അറിയിച്ചത്. പാര്‍ട്ടി സെക്രട്ടറിയോട് ഇക്കാര്യം പറഞ്ഞിരുന്നു,” ആരിഫ് പറഞ്ഞു. എന്നാല്‍ ആരിഫ് വാദത്തെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ആര്‍. നാസര്‍.

വിജിലന്‍ അന്വേഷണം ആവശ്യമാണെന്ന ആരിഫിന്റെ ആവശ്യത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു. “ജി. സുധാകരന്‍ മന്ത്രിയായിരുന്ന സമയത്ത് തന്നെ അന്വേഷണം നടത്തിയതാണ്. അതില്‍ കാര്യങ്ങള്‍ വ്യക്തമാണ്. കൂടുതലായി എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്നതില്‍ പരിശോധന നടത്തും,” റിയാസ് വ്യക്തമാക്കി.

ആരിഫിന്റെ നടപടിയെ പിന്തുണയ്ക്കാന്‍ മന്ത്രി സജി ചെറിയാനും തയാറായില്ല. പാര്‍ട്ടിയോട് ആലോചിക്കാതെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ആരിഫിന്റെ നടപടിയില്‍ വീഴ്ചയുണ്ടോ എന്ന് സി.പി.എം നേതൃത്വം പരിശോധിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു.

Also Read: ദേശിയപാത പുനര്‍നിര്‍മാണം: റോഡ് സഞ്ചാരയോഗ്യമാക്കണം, കത്തില്‍ മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ട: ആരിഫ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpm alappuzha district committee on am ariffs petition