തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ച് സിപിഎം. യുഡിഎഫ് ജാഥ സമാപനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിനെ പോലെയായായെന്നത് ഞെട്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജാഥയിൽ ബിജെപിക്കെതിരെ പറയാതിരുന്നത് കേന്ദ്ര നിര്‍ദേശപ്രകാരമാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ രാഹുലിന്റെ ആക്ഷേപങ്ങള്‍ തരംതാണതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.

ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ ബിജെപിയുടെ അതേ ഭാഷയാണ് രാഹുൽ ഉപയോഗിച്ചത്. ഇത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വം കാണിക്കുന്നതാണ്.‌ രാഹുലിന്റെ ഈ നിലപാട് ഞെട്ടിക്കുന്നതാണ്. രാഹുലിന്റെ ഈ മലക്കം മറിച്ചില്‍ ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നും സിപിഎം വിമർശിച്ചു. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നേരിയ വിമര്‍ശനം പോലും ഉന്നയിച്ചില്ല. സ്വര്‍ണക്കടത്ത്, തൊഴിലില്ലായ്‌മ പരാമര്‍ശങ്ങള്‍ തരംതാണതെന്നും സിപിഎം ആരോപിച്ചു. സാമ്പത്തിക തട്ടിപ്പുകേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്നയാളാണ് രാഹുലെന്നും സിപിഎം വിമര്‍ശിച്ചു.

Read Also: മകൾക്കായ് ടിഷ്യൂ പേപ്പർ കൊണ്ടൊരു മുല്ലപ്പൂ മാല തീർത്ത് ഒരമ്മ

‘ഈ മൃദുസമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ബിജെപിയാകാന്‍ ഉത്തേജനം നല്‍കുന്നത്. യുഡിഎഫിന്റെ ജാഥയില്‍ ബിജെപിയ്‌ക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായി. ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യമെടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും,’ സിപിഎം രൂക്ഷമായി പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിനെയും ആദ്യമായാണ് രാഹുൽ ഈ ഭാഷയിൽ വിമർശിക്കുന്നത്. സ്വര്‍ണക്കടത്തുകേസില്‍ ബിജെപി–സിപിഎം ഒത്തുകളിയെന്ന് സൂചിപ്പിക്കുന്ന വിധമാണ് രാഹുൽ ശംഖുമുഖത്ത് പ്രസംഗിച്ചത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിബിഐയും ഇഡിയും ഇഴയുന്നതെന്നും രാഹുൽ ചോദിച്ചിരുന്നു. സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്നും രാഹുൽ വിമർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.