തിരുവനന്തപുരം: അന്വേഷണ ഏജൻസികളുടെ അപവാദപ്രചാരണം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് സിപിഎം. മുഖ്യമന്ത്രിയെയാണ് ലക്ഷ്യംവയ്‌ക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും സിപിഎം നേതൃത്വം.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തനിക്ക് സമ്മർദ്ദമുണ്ടെന്ന് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ ഗൂഢലക്ഷ്യത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തത്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം അതീവ ഗൗരവതരമാണ്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണമെന്നും സിപിഎം തീരുമാനം.

Read Also: ജയിച്ചാലും തോറ്റാലും ജനങ്ങൾക്കൊപ്പമുണ്ട്, പ്രായം ഒരു പ്രശ്‌നമല്ല; നയം വ്യക്തമാക്കി രേഷ്‌മ

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചതായും, രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിച്ചില്ല എന്നും സ്വപ്‌ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് ബുധനാഴ്‌ച പുറത്തായത്. സ്വർ‌ണക്കടത്ത് കേസ് പ്രതി സ്വ‌പ്‌ന സുരേഷിന്റെതെന്ന് കരുതപെടുന്ന ശബ്‌ദരേഖ അട്ടക്കുളങ്ങര ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡിഐജി അജയകുമാര്‍ പറഞ്ഞു.

ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്ന സ്ഥിരീകരിച്ചതായി ഡിഐജി അജയകുമാർ അറിയിച്ചു. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.