പാലക്കാട്: വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപിയുടെ പ്രവര്‍ത്തന ശൈലി കേരളത്തിലെ കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. “കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ നിലയിലുള്ളതാണ്. സംസ്ഥാനത്ത് നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്. ഇതിന് രമേശ് ചെന്നിത്തലയും പിന്തുണ നല്‍കുന്നു,” വിജയരാഘവന്‍ ആരോപിച്ചു.
അതേസമയം, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ എസ്‍എന്‍ഡിപി യോഗം സക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. “നാര്‍ക്കോട്ടിക് ജിഹാദ് എന്താണെന്ന് അറിയില്ല. എന്താണെങ്കിലും ഒരു സമുദായത്തെ മാത്രം അവഹേളിക്കുന്നത് ശരിയല്ല. മതം മാറ്റക്കാര്‍ ലക്ഷ്യമിടുന്നത് ഒരു കുടുംബത്തെ മുഴുവനായുമാണ്,” വെള്ളാപ്പള്ളി പറഞ്ഞു.
കോട്ടയത്തിന് അടുത്തുള്ള സീറോ മലബാര്‍ ഇടവകയില്‍ ഒന്‍പത് പെണ്‍കുട്ടികളെ ഈഴവ ചെറുപ്പക്കാര്‍ പ്രണയിച്ച് കൊണ്ടു പോയെന്ന ഫാ. റോയ് കണ്ണന്‍ചിറയുടെ പ്രസ്താവനയേയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. വൈദികന്‍ നടത്തിയ പ്രസ്താവന അപക്വമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായം. അതേസമയം, മന്ത്രി വി.എന്‍.വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.