കണ്ണൂർ: സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്ന കാലത്ത് നയിക്കാനുള്ള ചുമതല വീണ്ടും സീതാറാം യെച്ചൂരിക്ക്. സിപിഎം ജനറല്‍ സെക്രട്ടറിയായി യെച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് യെച്ചൂരി ദേശിയ തലത്തില്‍ പാര്‍ട്ടിയുടെ അമരത്തെത്തുന്നത്.
പുതിയ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോയിൽ ആദ്യ ദളിത് പ്രതിനിധിയായി ബംഗാളിൽനിന്നുള്ള രാമചന്ദ്ര ദോം എത്തി. കേരളത്തിൽ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും പിബിയിലെത്തി. അശോക് ധാവളെയാണ് 17 അംഗ പിബിയിലെ മറ്റൊരു പുതുമുഖം.
കേരളത്തിൽ നിന്ന് നാല് പുതുമുഖങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ എത്തി. പി രാജീവ്, പി സതീദേവി, കെ എന്‍ ബാലഗോപാല്‍, സി എസ് സുജാത എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആകെ 17 പുതുമുഖങ്ങളും 15 വനിതകളുമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉള്ളത്.
കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 84 ആയി കുറച്ചു. നിലവിൽ 94 അംഗങ്ങളാണ്. പിബിയിലെ അംഗങ്ങളുടെ എണ്ണം 17 ആയി തുടരും. രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവർ സ്ഥിരം ക്ഷണിതാക്കൾ. എസ് രാമചന്ദ്രന്‍ പിള്ള, ബിമൻ ബോസ്, ഹനൻ മൊള്ള എന്നിവർ പ്രത്യേകം ക്ഷണിതാക്കൾ.
സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി തന്നെ തുടരുന്നതിനെതിരെ എതിരഭിപ്രായങ്ങൾ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറി ആയത്. എസ്.രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊല്ല, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പി.ബി അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.
കണ്ണൂരിൽ നടക്കുന്ന ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ് ഇന്ന് അവസാനിക്കും. വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടി കോൺഗ്രസ് സമാപിക്കുക. സംഘടന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി നൽകിയിരുന്നു. പിന്നാലെയാണ് തിരഞ്ഞെടുപ്പിലേക്ക് കടന്നത്.
വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്‌ണൻ, എം എ ബേബി എന്നിവർ സംസാരിക്കും.
Also Read: പിണറായി മികച്ച മുഖ്യമന്ത്രി; വികസനത്തിനുവേണ്ടി ഒരുമിച്ചു നില്‍ക്കണം: കെ വി തോമസ്