തൃത്താല: തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി. ടി ബല്‍റാമിന് നേരെ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി. എ.കെ.ജിയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ബല്‍റാം പങ്കെടുക്കുന്ന പരിപാടികളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കാറിനുനേരെയും ആക്രമണം ഉണ്ടായത്.

തന്റെ വാഹനം തകർത്തതായി വി.ടി ബൽറാം ആരോപിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കരിങ്കൊടി കാട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ എംഎൽഎയ്ക്ക് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാട്ടുന്നത് വ്യക്തമാണ്. വലയം തീർത്താണ് പൊലീസ് പ്രവർത്തകരെ തടഞ്ഞത്.

പൊലീസ് എസ്കോർട്ടോടെ വന്ന എം.എൽ.എയുടെ വാഹനം അതിവേഗം കടന്ന് പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിനിടെ എം.എൽ.എയുടെ ഇന്നോവ കാറിന്റെ സൈഡ് ഗ്ലാസ് തകർന്ന് വീഴുന്നതും കാണാം. സിപിഎം പ്രവർത്തകരെ തടഞ്ഞ് നിർത്തിയ പൊലീസുകാരന്റെ കൈയ്യിൽ തട്ടിയാണ് ഗ്ലാസ് തകർന്നത്. എം.എൽ.എയുടെ വാഹനം കടന്ന് പോയതിന് ശേഷം സഹപ്രവർത്തകർ പൊലീസുകാരനെ പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ